sasikala-nandagovindam

TOPICS COVERED

നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ  ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് ഭക്തിസാന്ദ്രതയോടെ ആലപിക്കുന്നത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. പിന്നാലെ മതസൗഹാര്‍ദത്തെ പുകഴ്ത്തി നിരവധി പേരാണ് അഭിനന്ദനങ്ങളും കമന്‍റുകളുമായി രംഗത്തെത്തിയത്.

എന്നാല്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ലെന്ന് ശശികല പറഞ്ഞു. നന്ദഗോവിന്ദം ഭജന്‍സിന് അഭിനന്ദന പ്രവാഹമെന്ന മനോരമ ഓണ്‍ലൈനിന്‍റെ കാര്‍ഡ് പങ്കുവച്ചായിരുന്നു ശശികലയുടെ കുറിപ്പ്. 

'ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ  കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും  ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്! 

പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും ! ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിൻ്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. Any How ആശംസകൾ. ചിക്കൻ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്,' ശശികല കുറിച്ചു. 

'അവർ വരുന്നത് ക്ഷേത്രത്തിലേക്കാണെന്ന ബോധം വരുന്നവർക്കുണ്ടാകുമല്ലോ. പിന്നെന്താ പ്രശ്‌നം. വരുന്നവരിൽ മദ്യപാനികളുണ്ടാകും, അവർക്കുവേണ്ടി അടിച്ചങ്ങുപൂസായി ....കുടിച്ചങ്ങു ....." എന്ന പാട്ട് പാടാൻ പറ്റുമോ?' എന്ന് കമന്‍റിലും ശശികല കുറിച്ചു.