കൊല്ലപ്പെട്ട സുമന്‍, പ്രതികളായ അച്ചു ,അനന്തു
ഏകമകള്‍ അനാര്‍ക്കലിയെ കാണാന്‍ അച്ഛന്‍ സുമന്‍ ഇന്നലെ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്, എന്നാല്‍ മകളെ കാണാന്‍ ഇനി അച്ഛന്‍ വരില്ല, മകളുടെ കാത്തിരിപ്പിനിടയിലാണ് ആ ദുരന്തവാര്‍ത്ത ഭാര്യ രമ്യയും കുടുംബവും അറിഞ്ഞത്. വീടിന്റെ കാവലായിരുന്ന മകനെ എന്തിനാണു കൊന്നതെന്ന സുമന്റെ കുഞ്ഞമ്മ ശശികലയുടെ അലമുറയിട്ട് കരഞ്ഞുകൊണ്ടുള്ള ചോദ്യത്തിനും ബന്ധുക്കൾക്കും നാട്ടുകാർക്കും ഉത്തരമില്ലായിരുന്നു. പ്രസവിച്ച് രണ്ടാം മാസം അമ്മ മരിച്ചതിനെ തുടർന്ന് കുഞ്ഞമ്മയായ ശശികലയും അമ്മൂമ്മ കൗസല്യയുമാണ് സുമനെ വളർത്തിയത്.
സ്വന്തമായി വീട് ഇല്ലാത്തതിനാൽ കുഞ്ഞമ്മയ്ക്കൊപ്പമാണു വെള്ളായണി പാലപ്പൂരിലെ വീട്ടിൽ സുമന്‍ കഴിഞ്ഞിരുന്നത്. പാചക വൈദഗ്ധ്യമുണ്ടായിരുന്ന സുമന് കോവളത്തെ ഹോട്ടലിലായിരുന്നു ജോലി. കൈക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുറച്ചുനാളായി ജോലിക്കു പോയിരുന്നില്ല. സുഹൃത്തുവന്ന് വിളിച്ചിറക്കി കൊണ്ടുപോയതാണെന്നു കുഞ്ഞമ്മ പറഞ്ഞു.
ബാറിലെ വാക്കേറ്റത്തിനും കയ്യാങ്കളിക്കും തുടർച്ചയായുണ്ടായ പ്രശ്നത്തിലാണ് പ്രതികളായ അച്ചുവും സഹോദരന്‍ അനന്തുവും സുമനെ ചവിട്ടിയും അടിച്ചും കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിഴിഞ്ഞം മുക്കോലയിൽ ബാറിനു മുന്നിലെ സർവീസ് റോഡിൽ വച്ചാണ് ബുധനാഴ്ച അർധരാത്രി കൊലപാതകം നടന്നത്. വിഡിയോദൃശ്യം പുറത്തുവന്നതിനു പിന്നാലെ ബാലരാമപുരം തൊളിയറത്തല ആർസി സ്ട്രീറ്റ് നിവാസി പയറ്റുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.അച്ചു (24), സഹോദരൻ എസ്.അനന്തു (19) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സുമനെ കഴുത്തു ഞെരിക്കുംവിധമുള്ള പ്രതിയുടെ കൈകൊണ്ടുള്ള പൂട്ടിൽ തന്നെ പകുതി ജീവൻ പോയിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. യുവാവ് മൃതപ്രായനായതിനു ശേഷവും പ്രതികൾ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതു തുടരുകയായിരുന്നു. ചുറ്റം കൂടി നിന്നവരാരും സുമനെ സഹായിക്കാനോ പ്രതികളെ പിടിച്ചുമാറ്റാനോ ശ്രമിച്ചിരുന്നില്ല.
പ്രതികൾ പോയതിനു പിന്നാലെ ആ വഴി കാറില്‍ വന്ന ചൊവ്വര സ്വദേശിയായ യുവാവാണ് വഴിയിൽ കിടക്കുന്നയാളെ കണ്ട് വാഹനം നിർത്തിയത്. കൂടിനിന്നവരോട് സഹായം തേടിയെങ്കിലും ആരും മുന്നോട്ടു വന്നില്ല. തുടർന്നാണ് പൊലീസിനെ അറിയിച്ചതും ആശുപത്രിയിൽ എത്തിച്ചതും. വിഡിയോ പുറത്തുവന്നതോടെയാണ് അക്രമത്തിന്റെ യഥാർഥചിത്രം വ്യക്തമായത്.
ബാറില്‍ മദ്യപിക്കുന്നതിനിടെ അച്ചുവും സംഘവും മറ്റൊരു യുവാവുമായി വാക്കേറ്റം നടത്തുന്നതു കണ്ടാണ് സുമന്‍ ഇടപെട്ടത്. പിന്നാലെ തള്ളിയും വീഴ്ത്തിയും അച്ചു സുമനെ ആക്രമിച്ചു. സുമന്‍ ഓടി ബാറിനു പുറത്തെത്തിയെങ്കിലും അപ്പോഴേക്കും അച്ചു സഹോദരനെ വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്നുള്ള മൃഗീയമായ ആക്രമണത്തിലാണ് സുമന് ജീവന്‍ നഷ്ടമായത്. നെഞ്ചില്‍ ശക്തിയായി ഇടിക്കുകയും മാറിമാറി മുഖത്തുള്‍പ്പെടെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം സുമന്റെ മൃതദേഹം സംസ്കരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.