യാത്രകളെയും ഗിരിശ്യംഗങ്ങളെയും പ്രണയിച്ചവർ തോറ്റ് പിന്മാറിയ ചരിത്രമില്ല. നാലുദിവസം കാട്ടരുവിയിൽ വെള്ളം മാത്രം കുടിച്ച് മരണ മുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ നാദാപുരം സ്വദേശി ശരണ്യ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നു. എത്തിയത് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശരണ്യ നാദാപുരത്തെ വീട്ടിലെത്തിയത്. ശരണ്യയെ കുടുക് വനമേഖലയല്‍ കണ്ടെത്തിയത് ഇന്നലെ വൈകിട്ടോടെയായിരുന്നു. ട്രെക്കിങ് തുടരുമെന്ന് ശരണ്യ മനോരമ ന്യൂസിനോട് പറഞ്ഞു.
പേര് പോലെ കീഴടക്കിയവളാണ് ശരണ്യ. പർവ്വത ശ്യംഗങ്ങൾ മാത്രമല്ല മരണത്തെയും. മരണത്തിന്റെ വായിൽ നിന്നും വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് എത്തുമ്പോഴും അതി വൈകാരികതയില്ല. കൈവിട്ട വാക്കുകളും. പൊലീസിനും ഫോറസ്റ്റിനും നന്ദി പറഞ്ഞ ശരണ്യ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അടുത്ത യാത്രകള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ചൂട് കുറയട്ടെ എന്നും ശരണ്യ പറഞ്ഞു.
താഴെ ഇറങ്ങി കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വാര്‍ത്തയായി എന്നറിഞ്ഞത്. വെള്ളം നന്നായി കുടിച്ചതാണ് ശരീരം ഫിറ്റായി നിര്‍ത്തിയതെന്ന് ശരണ്യ പറഞ്ഞു. ആരോടും ഒന്നും ഉരിയാടാതെയുള്ള ഈ പോക്ക് നിർത്തണമെന്ന അപേക്ഷയാണ് നാലുദിവസം തീ തിന്ന അച്ഛന്. ഏതു കൊടുങ്കാറ്റിനെയും നേരിടാനുള്ള കരുത്തോടെയാണ് വളർത്തിയതന്നാണ് അമ്മയുടെ വാക്കുകള്‍. കർണാടക വനം വകുപ്പിന്റെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ ശരണ്യയെ മാതാപിതാക്കളെ ഏൽപ്പിക്കാനായി മടിക്കേരിൽ നിന്ന് നാദാപുരത്തെ വീട്ടിലെത്തിയിരുന്നു.
വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെ തടിയന്‍റമോൾ കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കു ശേഷംതന്നെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റി എന്ന് ശരണ്യ താമസിച്ച ഹോംസ്റ്റേയിലേക്ക് വിവരം കൈമാറിയിരുന്നു. പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. നാൽപ്പത് പേരടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.