പഴയ ചരിത്രം ഒരുപാട് ചികയുന്നത് കാരണഭൂതനും തറവാടിനും അത്ര ഭൂഷണമാകില്ലെന്നും, സമീപകാല ചരിത്രം മാത്രം നോക്കിയാൽ സിപിഎം - ബിജെപി ഡീൽ വ്യക്തമാണെന്നും പിണറായിയെ ഉന്നമിട്ട് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. സംഘി വിജയന്റെ ആരാധകരോട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് അക്കമിട്ട് 29 കാര്യങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
'1. 1977-ൽ ആർഎസ്എസ് പിന്തുണയോടെ മത്സരിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയത്.
2. 1977 ൽ ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ആര്‍എസ്എസ് നേതാവ് കെ.ജി മാരാര്‍.
3. ആര്‍എസ്എസ് നേതാവ് കെ.ജി മാരാര്‍ ഇഎംഎസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രവും ലഭ്യം.
4. പാലക്കാട് സിപിഎം സ്ഥാനാർത്ഥിയായിരുന്ന ശിവദാസ മേനോന്റെ പ്രചരണത്തിന് മുതിര്‍ന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി നേരിട്ടത്തിയതും ചരിത്രം.
5. 1989ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിയ സിപിഎം നേതാക്കളായ ഇഎംഎസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ലഭ്യമാണ്.
6. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം - ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന സത്യം വെളിപ്പെടുത്തിയത് ആർഎസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്.
7. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മറക്കണ്ട.
8. ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതിനെ പറ്റി നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശൻ ചോദിച്ചപ്പോള്‍ മറുപടി പറയാതെ മുഖ്യമന്ത്രി തലകുനിച്ച് ഇരുന്നു.
9. ഈ മാധ്യസ്ഥതയുടെ പ്രത്യുപകാരമായി സർക്കാർ ഭൂമി ശ്രീ എമ്മിന് ആശ്രമം കെട്ടാൻ നൽകി!
10. ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയി സന്ധി പുതുക്കി.
11. നിര്‍മ്മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിച്ചുള്ള രഹസ്യ നയതന്ത്രത്തിന് പോയപ്പോള്‍ ആര്‍എസ്എസ്സുകാരനായ സംസ്ഥന ഗവര്‍ണ്ണറെ കൂടെ കൂട്ടി. അന്നത്തെ ചർച്ചയുടെ വിഷയം ഇന്നും പൊതുസമൂഹത്തിന് അജ്ഞാതം!
12. ആര്‍എസ്എസ് ഗവർണ്ണർമാരില്ലാതെ അത്താഴവും പ്രാതലും കഴിക്കാനാകാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
13. അമിത്ഷാ നിർദേശിച്ചപ്പോൾ പി.എം ശ്രീയിൽ ഒപ്പിട്ടു. തൊഴിലാളി വിരുദ്ധ ലേബർ കോഡും സമ്മതിച്ചു.
14. ഒരു ഘട്ടത്തില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് നല്‍കിയ അഭിമുഖ്യത്തിൽ പിണറായി തന്നെ സമ്മതിച്ചു.
15. എഡിജിപി അജിത്കുമാറിനെ ആർഎസ്എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ചു. പിടിക്കപ്പെട്ടപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ എഡിജിപിയെ സംരക്ഷിച്ചു.
16. പൂരം കലക്കി ബിജെപിയെ തൃശൂരില്‍ ജയിപ്പിച്ചു.
17. വോട്ട് ചോരിയെക്കുറിച്ച് മിണ്ടിയില്ല. ബിജെപി - ആർഎസ്എസ് ഇരട്ട വോട്ടും കള്ളവോട്ടും കണ്ടതായി ഭാവിച്ചില്ല.
18. 10 വർഷത്തെ പോലീസ് ഭരണം ആർഎസ്എസ്സിനുള്ള വിടുപണി പോലെയായി. ഭരണമുന്നണിയിലെ സിപിഐ നേതാക്കൾ പോലും അത് സമ്മതിച്ചു.
19. ആർഎസ്എസ്സുമായി പൂർവ്വകാല ബന്ധമുണ്ടായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പോലും നിലമ്പൂർ ഇലക്ഷൻ സമയത്ത് സമ്മതിച്ചു.
20. ഗാന്ധി ഘാതകരായ ഹിന്ദു മഹാസഭയുടെ പിന്തുണ വാങ്ങിയത് പോളിറ്റ് ബ്യുറോ മെമ്പർ വിജയരാഘവൻ!
21. ബിജെപി നേതാവ് പി. പി മുകുന്ദന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയത് പിണറായി വിജയൻ!!
22. ഗാന്ധി ഘാതകരായ ആർഎസ്എസ്സിന്റെയും ബിജെപിയുടേയും സഖ്യ സാധ്യത വർദ്ധിപ്പിച്ചതും "രാഷ്ട്രീയ അശുദ്ധി" മാറ്റി പിന്നോക്ക ജാതി വിഭാഗങ്ങൾക്കിടയിൽ പോലും സ്വീകാര്യത നൽകിയതും 1980ലെ സിപിഎം സഖ്യമാണെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ഗോവിന്ദാചാര്യരുടെ വാക്കുകളും മറക്കണ്ട.
23. സ്വതന്ത്ര ഇന്ത്യയിൽ അടിയന്തിരാവസ്ഥക്ക് പത്ത് വർഷം മുന്നേ സിപിഎം പരസ്യമായി സംഘപരിവാറിനൊപ്പം ചേർന്നിരുന്നു.
24.1967 ലെ ബീഹാർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി ആയിരുന്ന കോൺഗ്രസ്സിന് 128 സീറ്റ് കിട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ജനസംഘം(25 സീറ്റ് ), സിപിഐ(24സീറ്റ്), സിപിഎം(4), എസ്എസ്പി (68), ജെകെടി, സ്വതന്ത്ര പാർട്ടി തുടങ്ങി സകല സംഘികളും സിപിഎമ്മും സിപിഐയും ഒരുമിച്ച് ആദ്യ കോൺഗ്രസ് ഇതര സർക്കാർ ഇണ്ടാക്കി!
25. 1967 ലെ പഞ്ചാബ് തിരഞ്ഞെടുപ്പിലും അകാലിദൾ (സന്ത് ഫത്തെ ഗ്രൂപ്പ്) , താരാ ഗ്രൂപ്പ് അകാലി, ജനസംഘം, സിപിഐ, സിപിഎം, സോഷ്യലിസ്റ്റ് എന്നിവരെല്ലാം ചേർന്ന് 48 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ പ്രതിപക്ഷത്തിരുത്തി!!
26. 1967ൽ മധ്യപ്രദേശിലും 167 സീറ്റ് നേടി സീറ്റ് വർദ്ധിപ്പിച്ച കോൺഗ്രസ്സിനെതിരെ ജനസംഘം, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ്, മാർക്സിസ്റ്റ് പാർട്ടികൾ സംയുക്തമായി കൂട്ട് കെട്ട് ഉണ്ടാക്കിയിരുന്നു.
27. 1971 കാലഘട്ടത്തിൽ രാജസ്ഥാനിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി ബറക്കത്തുള്ള ഖാനെതിരെ വർഗീയ പ്രചരണം നടത്തിയ സംഘപരിവാറിന്റെ വാലാട്ടിയായിരുന്നു സിപിഎം.
28. 1967 ൽ യുപിയിലെ കോൺഗ്രസ്സ് വിരുദ്ധ മുന്നണിയുടെ പ്രധാന വിഷയങ്ങൾ ഗോവധവും 'ഇന്ദിര കൃത്രിമമായി ഉണ്ടാക്കുന്ന വനിതാ നേതാക്കളും' ആയിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സുചേത കൃപലാനിക്ക് എതിരായിരുന്നു ഇന്നത്തെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ സാറുമാരുടെ ആ ദുസൂചന. ജനസംഘം (98 സീറ്റ്), സിപിഐ (13 സീറ്റ്), എസ്എസ്പി (44 സീറ്റ്) നേടിയെങ്കിലും 199 സീറ്റ് നേടിയ കോൺഗ്രസ്സ് ഭരണം നിലനിർത്തി.
29. 1967 ലും ഗുജറാത്തിൽ ഈ സംയുക്ത പ്രതിപക്ഷ നീക്കം നടത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ ഒത്തില്ല. ഗാന്ധി വധത്തിന്റെ സൂത്രധാരന്മാർ എന്ന ഇമേജ് തന്നെയായിരുന്നു കാരണം.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ മാസപ്പടി, ലൈഫ്മിഷൻ അഴിമതി, സ്വർണ്ണക്കടത്ത്, മകന്റെ ഇഡി നോട്ടീസ്, അച്ഛന്റെ ലാവ്‌ലിൻ കേസ്, കരുവന്നൂരിലെ കൊള്ളയടക്കമുള്ള അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചതും മഞ്ചേശ്വരം കോഴക്കേസും പൂരം കലക്കി തൃശ്ശൂർ ബിജെപിക്ക് കൊടുത്തതും മുൻ റവന്യു മന്ത്രിയെ തള്ളിയ ബിജെപിക്കാരെ രക്ഷിച്ചതടക്കം നിരവധി ഉദാഹരണങ്ങൾ ഡീലിന് തെളിവായി നേരിൽ കാണാം.
2013ൽ വിഎസ് അച്യുതാനന്ദൻ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പി പരമേശ്വരം രചിച്ച 'സ്വാമി വിവേകാനന്ദൻ പ്രബുദ്ധകേരളം' പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തത് പോലെ തന്നെയാണ് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി സംസാരിക്കാൻ വി ഡി സതീശനും പങ്കെടുത്തത്.
എറണാകുളം ശിവക്ഷേത്രത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും എംഎൽഎമാരും എംപിയും പങ്കെടുത്തത് പോലെ തന്നെയാണ് വ്യത്യസ്ത രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കാൻ പങ്കെടുത്തത്. ഇതിന് സമാനമായി 2006ൽ നടന്ന സംവാദ പരിപാടിയിൽ വ്യത്യസ്ത രാഷ്ട്രീയം പറയാൻ തന്നെയാണ് വി ഡി സതീശൻ പങ്കെടുത്ത് സംസാരിച്ചത്. പക്ഷേ ഇക്കാര്യത്തിൽ മുഖ്യമന്ത്രി കള്ളമായി പറഞ്ഞത് 'ഫെബ്രുവരി മാസത്തിൽ തെരഞ്ഞെടുപ്പിന് മുൻപായി' എന്നാണ്. സത്യത്തിൽ ഡിസംബർ 31ന് ആയിരുന്നു. അതുകൊണ്ട് പെരുങ്കള്ളം പറയുന്ന മുഖ്യമന്ത്രി ചരിത്രം ചികയാൻ നിന്നാൽ ചീഞ്ഞുനാറുന്നത് പിണറായി വിജയന്റെ മുഖംമൂടി തന്നെ ആയിരിക്കും.
കഴിഞ്ഞ 10 വർഷക്കാലത്തെ കേരളത്തിലെ ആഭ്യന്തര വകുപ്പ് മാത്രം എടുത്തു പരിശോധിച്ചാൽ സിപിഎം - ബിജെപി ഡീൽ വ്യക്തമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് പോലും ഒരേ ആയുധപ്പുരയിൽ നിന്നായിരുന്നു ബിജെപിക്കും സിപിഎമ്മിനുമുള്ള ആയുധങ്ങൾ മൂർച്ഛ കൂട്ടി എടുത്തിരുന്നത്. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സിപിഎം നടത്തിയിട്ടുള്ള പ്രീണന അഭ്യാസങ്ങളും സംഘിസന്ധികളും ഓർമ്മിപ്പിച്ചത് നന്നായി.
ചരിത്രം ചികയലല്ല, തുടർഭരണത്തിനായി സിപിഎം നടത്തുന്ന ബിജെപി ഡീലും ആർഎസ്എസിന് വിടുവേല ചെയ്യുന്നതുമാണ് ഇന്നത്തെ ചർച്ചാവിഷയം. പിണറായി ഭരണത്തിൽ സംഘപരിവാറാണ് ഭരിക്കുന്നത്. പ്രതിപക്ഷത്ത് വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവ് എന്നെങ്കിലും സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടോ. ഇല്ല. അതുതന്നെയാണ് അമ്പലക്കള്ളന്മാരും കോൺഗ്രസ്സും തമ്മിലുള്ള വ്യത്യാസം'. – ജിന്‍റെ വിശദീകരിക്കുന്നു.