വയനാട് ദുരന്തം ഉണ്ടായ നിമിഷം മുതൽ നമ്മൾ അവിടെ നിന്ന് കേൾക്കുന്ന ഏറ്റവും സമചിത്തതയുള്ള ശബ്ദമാണ് മന്ത്രി കെ. രാജന്റേതെന്ന് കണ്ടന്റ് ക്രിയേറ്റർ ഷിബൂ ​ഗോപാലകൃഷ്ണൻ. ഒരു അടിയന്തര സാഹചര്യത്തെ എങ്ങനെയാണ് സംയമനത്തോടെ, എന്നാൽ ഉത്തരവാദിത്തത്തോടെ, ഒരു രക്ഷാകർത്താവിന്റെ ആത്മബലത്തോടെ നേരിടേണ്ടത് എന്നതിന് ചൂരൽമലക്കാർക്ക് പറയാൻ മറ്റൊരു പേരുണ്ടാവില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.'ആ സാഹചര്യത്തിന് യോജിക്കാത്ത ഒരു വാക്കോ, വരിയോ, ഒരു മുക്കലോ, മൂളലോ പോലും ഇന്നുവരെ മന്ത്രി കെ. രാജനിൽ നിന്ന് ഉണ്ടായിട്ടില്ല. ആർക്കും, എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന, എല്ലാ വാതിലും തുറന്നിട്ടിരിക്കുന്ന അത്രയും തുറസ്സായ ഒരു മന്ത്രി .ദുരന്തമുഖത്ത് നിന്നുമുള്ള ഈ മനുഷ്യന്റെ പ്രതികരണങ്ങൾ കേൾക്കുമ്പോൾ, എങ്ങനെയാണ് ഇത്രയും സംയമനത്തോടെ, ഒരിറ്റു കണ്ണീരുപൊടിയാതെ സംസാരിക്കാൻ കഴിയുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. 

എന്നാൽ ഇന്ന്, ആ അണക്കെട്ടും സകല ഷട്ടറുകളും തുറന്ന് കുത്തിയൊഴുകുന്നത് കണ്ടു. പത്ത് വയസ്സുകാരിയായ മകളെ നഷ്ടപ്പെട്ട ഒരു അമ്മ, അവരുടെ മിനിസ്റ്ററെ വിടാതെ കെട്ടിപ്പിടിച്ച് നിന്നു, നിർത്താതെ നിലവിളിച്ചപ്പോൾ, മന്ത്രി കെ. രാജനും ഒഴുകി. എല്ലാം നഷ്ടപ്പെട്ടവർക്ക് മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞു, അവർക്കൊപ്പം ഉണർന്നിരുന്ന കെ. രാജൻ. അവസാനത്തെ ദുരന്തബാധിതനും വീട് ലഭ്യമാക്കിയിട്ടേ ചുരമിറങ്ങൂ എന്നു പറഞ്ഞു, അവർക്കൊപ്പം നിലയുറപ്പിച്ച കെ. രാജൻ. 

കല്ലിടുക മാത്രമല്ല, കല്ലിനുമേൽ കല്ലുവച്ച്, അതിനുമേൽ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും ചേർത്തുവച്ച്, അതിനുമേൽ മനുഷ്യരുടെ ആശയും അഭിലാഷവും വീണുപോകാതെ എടുത്തുവച്ച്, സ്വന്തമായിട്ടൊരു വീടെന്ന സ്വപ്നം കെട്ടിയുയർത്തിയ ചൂരൽമലക്കാർക്കും മുണ്ടക്കൈക്കാർക്കും  വിടാതെ കെട്ടിപ്പിടിച്ചു നിന്നു കരയാൻ തോന്നുന്ന അവരുടെ സ്വന്തം കെ. രാജൻ. '- ഷിബു ​ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Minister K Rajan's calm and responsible demeanor during the Wayanad flood disaster has been lauded by content creator Shibu Gopalakrishnan. His unwavering support and commitment to the flood-affected people, especially during moments of immense grief, highlight his empathetic leadership.