Untitled design - 1

ദുരന്തം ചൂരൽമലയെ വന്നു തൊട്ട നിമിഷം മുതൽ അവർക്കൊപ്പം നിൽക്കുന്ന കളക്ടറാണ് ഡിആർ മേഘശ്രീ. ഇപ്പോഴിതാ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള നറുക്കെടുപ്പിനിടെ പുറത്തുവന്ന ഡിആർ മേഘശ്രീയുടെ വൈകാരികമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാവുകയാണ്. അതിന്‍റെ പശ്ചാത്തലത്തില്‍ വയനാട് കളക്ടറെക്കുറിച്ച് ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്റര്‍ ഷിബു ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും വൈറലാണ്. ദുരന്തനിവാരണത്തിനുശേഷം ബാക്കിയെല്ലാവരും മലയിറങ്ങി പോയിട്ടും, അവിടെ നിന്ന് ഇറങ്ങാതെ അവർക്കൊപ്പം നിൽക്കുന്നയാളാണ് ഡിആർ മേഘശ്രീയെന്ന് ഷിബു ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

'സർക്കാരിന്റെ ഇച്ഛാശക്തിയും തീരുമാനങ്ങളും ആണെങ്കിലും, അത് വിജയകരമായി നടപ്പാക്കുന്നതിന്റെ മുന്നണിപ്പോരാളികൾ ഉദ്യോഗസ്ഥരാണ്. അവരാണ് ജീവിതം കടപുഴകിപ്പോയ മനുഷ്യരുടെ ഇടയിൽ നിൽക്കുന്നത്. കണ്മുന്നിൽ എല്ലാം കുത്തിയൊലിച്ചുപോയ മനുഷ്യരുടെ നടുവിൽ നിൽക്കുന്നത്; അവരുടെ കരച്ചിൽ ആദ്യം തേടിയെത്തുന്നത് അവരുടെ കാതുകളെയാണ്.

അത്രയും എമ്പതറ്റിക് ആയ ഉദ്യോഗസ്ഥർക്കാണ് അവരെ അപ്പോൾ കാണാനും കേൾക്കാനും കഴിയുക. അധികാരത്തിന്റെ ആലഭാരങ്ങളില്ലാതെ, അവരിൽ ഒരാളായി അവർക്കൊപ്പം നിൽക്കാനും നിലയുറപ്പിക്കാനും കഴിയുക. ദുരന്തം ചൂരൽമലയെ വന്നു തൊട്ട നിമിഷം മുതൽ അവർക്കൊപ്പം നിൽക്കുന്ന കളക്ടറാണ്. ദുരന്തനിവാരണത്തിനുശേഷം ബാക്കിയെല്ലാവരും മലയിറങ്ങി പോയിട്ടും, അവിടെ നിന്ന് ഇറങ്ങാതെ അവർക്കൊപ്പം നിൽക്കുന്നയാൾ.

നമ്മൾ കണ്ടതിനേക്കാൾ, ഒരുപക്ഷേ, അവരുടെ കണ്ണീർ കണ്ട ആൾ. അവരുടെ നികത്താനാവാത്ത നഷ്ടങ്ങളുടെ ആഴങ്ങൾ കണ്ടയാൾ. ഒരു കുഞ്ഞ് വന്നു തന്റെ വീടിന്റെ നറുക്ക് എടുക്കാൻ നിന്നപ്പോഴാണ് കളക്ടർ തൂവിപ്പോയത്. നമ്മളെക്കാൾ ആ കുഞ്ഞിനെ കളക്ടർക്ക് അറിയാമായിരിക്കും. ആ വീട്ടിലേക്ക് കയറുമ്പോൾ, ആ കുഞ്ഞിന്റെ ഇടവും വലവും ഉള്ള ശൂന്യത കളക്ടർക്ക് അറിയാമായിരിക്കും.

കുഞ്ഞുങ്ങളോട് കുശലം പറയുന്ന കളക്ടർ. അവരെ ഓമനിക്കുന്ന കളക്ടർ. അവരുടെ താടിയിൽ പിടിക്കുന്ന കളക്ടർ. അവരെ എടുക്കുന്ന കളക്ടർ. അവർക്ക് ചോക്ലേറ്റ് നൽകുന്ന കളക്ടർ. അവർക്ക് ഉമ്മ നൽകുന്ന കളക്ടർ. ഇക്കാലയളവിൽ ഉടനീളം ഈ ഒരു നിമിഷത്തിനായി അവർക്കൊപ്പം കാത്തിരുന്ന, അതിനുവേണ്ടി പണിയെടുത്തുകൊണ്ടിരുന്ന കളക്ടർ. ചിലർ ചില സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ, അവരെയല്ലാതെ മറ്റാരെയും അവിടെ സങ്കൽപ്പിക്കാൻ കഴിയാതെ വരും. അവർ അത് സൃഷ്ടിക്കുന്നത് അധികാരം കൊണ്ടോ, പ്രോട്ടോക്കോൾ കൊണ്ടോ അല്ല. അതിനെയെല്ലാം മറികടക്കുന്ന മനുഷ്യൻ എന്ന മനോഭാവം കൊണ്ടാണ്'. – ഷിബു ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Wayanad Collector DR. Meghasree's emotional moments during the landslide relief draw widespread attention on social media. Her dedication and empathy towards the victims, especially children, have been lauded by many.