കണ്ണൂരിൽ നാട്ടുകാർക്ക് വിസ്മയമായി ഒരു മുന്തിരി വീട്. പയ്യന്നൂർ സ്വദേശി പ്രദീപ് വെള്ളൂരിന്റെ വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിയാണ് വീടിന് മുന്തിരി വീടെന്ന പേര് നേടിക്കൊടുത്തത്. പ്രതികൂല കാലാവസ്ഥയിൽ ജൈവവളത്തിലാണ് പ്രദീപ് മുന്തിരി ചെടികൾ വളർത്തിയത്.
കേരളത്തിലെ കാലാവസ്ഥയിൽ മുന്തിരി വിളയില്ലെന്ന് പറയുന്നവർ പയ്യന്നൂർ അന്നൂരിലെ ഈ മുന്തിരിവീട്ടിലേക്ക് ഒന്ന് വരണം. തമിഴ്നാടൻ തോട്ടങ്ങളിലേതു പോലെ പഴുത്തു തുടുത്തു നിൽക്കുന്ന നല്ല ഒന്നാന്തരം മുന്തിരിക്കുലകൾ. രാസവളം അല്ല മറിച്ച് ജൈവ വളത്തിന്റെ കരുത്തിലാണ് ഈ മുന്തിരി കൃഷി.
പയ്യന്നൂർ സ്വദേശിയായ പ്രദീപ് വെറുമൊരു കൗതുകത്തിന് തുടങ്ങിയതാണ് ഈ കൃഷി. പയ്യന്നൂരിലെ ഒരു നഴ്സറിയിൽ നിന് വാങ്ങിയ രണ്ട് മുന്തിരിച്ചെടികളാണ് ഇന്ന് പ്രദീപിന്റെ വീടിന് 'മുന്തിരിവീട്' എന്ന പേര് നേടിക്കൊടുത്തത്. രാസവളങ്ങളില്ലാതെ, വീട്ടിലെ ജൈവമാലിന്യങ്ങളും കൃത്യമായ പരിചരണവും നൽകിയാൽ ആർക്കും മുന്തിരി വിളയിക്കാമെന്ന് പ്രദീപ് തെളിയിക്കുന്നു. കൃത്യസമയത്തുള്ള ഭ്രൂണിങാണ് വിളവ് വർദ്ധിപ്പിക്കാൻ സഹായിച്ചത്. മുന്തിരി വീടിനെ കുറിച്ച് കേട്ടറിഞ്ഞ നിരവധി പേരാണ് ഇന്ന് പ്രദീപിന്റെ വീട്ടിലേക്ക് എത്തുന്നത്.