kurian-n

TOPICS COVERED

പ്രായമൊക്കെയായാല്‍ വീട്ടില്‍ വിശ്രമ ജീവിതം എന്ന് ഉപദേശിക്കുന്നവരോട് പോയി പണിനോക്കാന്‍ പറയും എഴുപത്തിയാറുകാരനായ കുര്യന്‍ ജേക്കബ്. ലോകത്ത് എവിടെ നീന്തല്‍ മല്‍സരമുണ്ടെങ്കിലും പങ്കെടുത്തിരിക്കും. പൊന്നുവാരും. അബുദാബിയില്‍ ഈ മാസം ആദ്യം നടന്ന മാസ്റ്റേഴ്സ് ഗെയിംസില്‍ പങ്കെടുത്ത എല്ലാ മല്‍സരങ്ങളും മെഡല്‍ നേടിയാണ് കുര്യന്‍ നീന്തല്‍ക്കുളത്തില്‍ നിന്ന് കരയ്ക്ക് കയറിയത്. 

പ്രായം വെറും നമ്പറാണെന്ന് പറയുന്നത് ചുമ്മാതല്ല. ലോകം നീന്തിക്കാണാനിറങ്ങിയ പാലാ തിടനാട് സ്വദേശി കുര്യന്‍ ജേക്കബ് ഇതിനൊരു കിടിലന്‍ ഉദാഹരണമാണ്. ഓള്‍ഡ് അല്ല ശരിക്കും ഗോള്‍ഡ് ഫിഷ്. നാല്‍പത് വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ ബാങ്കറായി ജോലി ചെയ്ത് വിരമിച്ച ശേഷം വിശ്രമജീവിതം സന്തോഷത്തോടെ നീന്തിത്തുടിക്കുന്നു. തയ്‍വാനില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണം ഉള്‍പ്പെടെ ഒന്‍പത് മെഡല്‍. ഫിന്‍ലന്‍ഡിലും യുഎസിലെ ക്ലീവ് ലന്‍ഡില്‍ നടന്ന മല്‍സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി. അഞ്ച് സ്വര്‍ണം അടക്കം അബുബാദി ഓപ്പണ്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ നേടിയ ഏഴ് മെഡലുകളാണ് പ്രായം കൂടുംതോറും വീര്യം കൂടുന്ന കുര്യന്‍റെ പോരാട്ട മനസിന്‍റെ ഒടുവിലത്തെ സാക്ഷ്യപത്രം.  

കുട്ടിക്കാലത്ത് മീനച്ചിലാറിന്‍റെ കൈവഴിയില്‍ നീന്തിപഠിച്ച് തുടക്കം. ജോലിയില്‍ നിന്ന് വിരമിച്ചശേഷം യൂട്യുബ് നോക്കിയാണ് മല്‍സരങ്ങള്‍ തയ്യാറെടുത്തത്. ദിവസവും ഒന്നര മണിക്കൂര്‍ നീന്തല്‍ പരിശീലനം. ജമ്മില്‍ ബോഡി ബില്‍ഡിങ്. ചിട്ടയായ ജീവിതക്രമം. കട്ട സപ്പോര്‍ട്ടുമായി ഭാര്യ സുനു.  മല്‍സരങ്ങളുടെ തിരക്കൊഴിയാത്ത റിട്ടയര്‍മെന്‍റ് പ്ലാനാണ് കുര്യന്‍ ജേക്കബിന്‍റേത്.

ENGLISH SUMMARY:

Master Swimmer Kurian Jacob proves age is just a number by excelling in swimming competitions globally. This 77-year-old from Pala, Kerala, has won numerous medals, showcasing an inspiring dedication to his sport even after a long banking career.