നടന്‍ പ്രേംകുമാറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ പരിഹാസവുമായി ഇടത് നിരീക്ഷകന്‍ പ്രേംകുമാര്‍. അന്നൊരു ലൂക്കോസ്ജി (റെജി ലൂക്കോസ്) പരിവാറിൽ പോയപ്പോൾ ട്രോൾ മുഴുവൻ നമ്മൾക്കായിരുന്നുലെന്നും, ഇന്നിപ്പോ ഈ ചങ്ങാതീന്റെ പേര് തന്നെ ഒന്നാണല്ലോ മുത്തപ്പാ എന്നും പരിഹാസ രൂപേണ പ്രേംകുമാര്‍ കുറിച്ചു. 

'അടുത്ത വട്ടം കോൺഗ്രസ് വരട്ടെയെന്ന് പറഞ്ഞ സച്ചിമാഷിനെ അക്കാദമിയിൽ നിന്ന് പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണത്രേ, പുള്ളിക്കാരൻ കോൺഗ്രസിൽ ചേരുന്നത്. ന്യായം ന്തായാലും കലക്കി ട്ടോ. സിനിമയിലെ അല്ലാത്ത  പ്രേംകുമാർ'  – ഇടത് നിരീക്ഷകന്‍ പ്രേംകുമാര്‍  പരിഹസിക്കുന്നു. 

കെ.സി. വേണുഗോപാല്‍ പ്രേംകുമാറുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. നാളെ എന്ത് സംഭവിക്കുമെന്ന് ഇന്നെനിക്ക് പറയാനാകില്ലെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കാകില്ല. ഒരു പാർട്ടിയുടെ ചട്ടക്കൂടില്‍ നിൽക്കാൻ താല്‍പര്യമില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അച്ഛനടക്കം തന്റെ കുടുംബക്കാരെല്ലാം കോണ്‍ഗ്രസുകാരാണ്. ഒരിക്കലും സിപിഎം അംഗത്വം എടുത്തിട്ടില്ല. താൻ ഒരു ഉറച്ച ദൈവ വിശ്വാസിയാണെന്നും പ്രേംകുമാര്‍ വിശദീകരിച്ചിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് ഇടത് നിരീക്ഷകന്‍ പ്രേംകുമാറിന്‍റെ വിമര്‍ശനം. 

ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായായ പ്രേംകുമാര്‍ സിപിഎമ്മിനോടു സമീപകാലത്ത് അകല്‍ച്ചയിലാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രതിഷേധം തുറന്നു പറഞ്ഞതോടെ അഭിപ്രായവ്യത്യാസം മറനീക്കി. ഇതിനിടെ താരം തന്റെ കെ.എസ്.യു പശ്ചാത്തലം വെളിപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. ഇതോടെയാണ് പ്രേംകുമാറിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചരടുവലി തുടങ്ങിയത്. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ആശാ സമരത്തെ പിന്തുണച്ചുകൊണ്ടാണെന്നു പ്രേംകുമാര്‍ ആരോപിക്കുന്നു.

ENGLISH SUMMARY:

Premkumar, the Malayalam actor and former Chalachitra Academy chairman, is reportedly in talks to join the Congress party. This move has drawn sharp criticism from an LDF observer, who sarcastically questioned Premkumar's motivations for potentially joining Congress.