കേരളത്തോടുള്ള ബിജെപിയുടെ അടങ്ങാത്ത പകയുടെ കാരണം ജനങ്ങളോട് യുക്തിസഹമായി വിശദീകരിക്കാനെങ്കിലും ബിജെപിക്ക് കഴിയുമോയെന്ന ചോദ്യവുമായി ഇടത് എംപി എഎ റഹിം. ഇന്നത്തെ യൂണിയൻ ബഡ്ജറ്റില്‍ നമ്മുടെ സംസ്ഥാനത്തിനോട് പുലർത്തിയ അവഗണന, മാപ്പ് നൽകാൻ കഴിയാത്ത മഹാ അപരാധമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

മലയാളികൾ താമരക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ് ഇവിടൊന്നും തരാത്തതെന്ന് പറഞ്ഞു നടന്നവരുണ്ട്. ഇപ്പോൾ താമര കണ്ടല്ല, മത്സരിച്ച താരത്തെ കണ്ടു വോട്ട് കൊടുത്തതാണെങ്കിലും ജനം‘ബി ജെ പിക്ക് ഒരു എം പി യെ കൊടുത്തു’. കോൺഗ്രസ്സ് സഹായത്തോടെയാണെങ്കിലും തിരുവനന്തപുരം കോർപ്പറേഷനും കിട്ടി!. 

എന്നിട്ടും നമുക്ക് തരുന്നത് ആമമുട്ട...!!! എയിംസിന് കേരള സർക്കാർ സ്ഥലം ഉൾപ്പെടെ നിർദേശിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നിട്ടും ‘എടാ കോപ്പേ‘ എന്തേ എയിംസ് തരാത്തത് എന്ന് തിരിച്ചു ചോദിക്കുന്നില്ല. കാരണം ആ ഭാഷ മലയാളിയുടെ സംസ്കാരത്തിന് ചേരാത്തത് കൊണ്ട് മാത്രമാണ് കേട്ടോ. 

മാന്യമായി ചോദിക്കാം, ഉത്തരം പറയണം, എന്തു കൊണ്ടാണ് കേരളത്തോട് ഈ കടുത്ത അവഗണന,ശത്രുത. ? ഞങ്ങൾ ഇന്ത്യൻ യൂണിയനിലെ അടിമകളല്ല. ഭരണഘടനാ അവകാശങ്ങളുള്ള ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാണ്. നമ്മുടെ രാജ്യത്തിന്റെ സമ്പദ് ഘടനയിൽ നിരവധി മേഖലകളിൽ നല്ല സംഭാവനകൾ ചെയ്യുന്ന, രാജ്യത്തിനു അഭിമാനമായ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ദിവസം വന്ന രാജ്യത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരളത്തിന്റെ അതി ദാരിദ്യ നിർമ്മാർജ്ജനം മാതൃകയായി പരാമർശിച്ചത് മറക്കരുത്. അഭിമാനകരമായ പുരോഗതി കൈവരിക്കുന്ന നമ്മുടെ നാടിനോട്‌ കാണിക്കുന്ന നീതീകരിക്കാനാകാത്ത സാമ്പത്തിക വിവേചനത്തിന് കേരളം ഒറ്റക്കെട്ടായി ബി ജെ പി യോട് കണക്കു ചോദിക്കും. ട്രമ്പ് തനിക്കു ഇഷ്ടമില്ലാത്ത രാജ്യങ്ങളോട് നടത്തുന്നത് സാമ്പത്തിക യുദ്ധമാണ്, 

മോദി സർക്കാർ കേരളത്തോടും തമിഴ് നാടിനോടുമൊക്കെ ചെയ്യുന്നതും സാമ്പത്തിക ഉപരോധമാണ്. അതിൽ കേരളം തോറ്റു പോകില്ലെന്ന് പറഞ്ഞേക്കൂ എന്ന പരാമര്‍ശത്തോടെയാണ് റഹിം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

The article discusses the alleged discrimination against Kerala by the BJP government, as highlighted by MP A.A. Rahim. He criticizes the Union Budget for neglecting Kerala and questions the BJP's rationale behind this perceived hostility towards the state.