Image Credit:instagram/renafathimav

Image Credit:instagram/renafathimav

പൊതുവിടത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും അതിനോടുള്ള പ്രതികരണവും സജീവ ചര്‍ച്ചയില്‍ തുടരുമ്പോഴും അതിക്രമങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് യുവതിയുടെ വിഡിയോ. കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. റേന ഫാത്തിമയെന്ന ഇന്‍ഫ്ലുവന്‍സറാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിഡിയോ സഹിതം പങ്കുവച്ചത്. 

ചെറുവത്തൂര് നിന്ന് ട്രെയിനില്‍ കയറിയ പെണ്‍കുട്ടിക്ക് കുമ്പള കഴിഞ്ഞപ്പോഴാണ് മോശം അനുഭവമുണ്ടായത്. കുമ്പള എത്തിയപ്പോള്‍ കംപാര്‍ട്മെന്‍റിലുണ്ടായിരുന്നവരെല്ലാം ഇറങ്ങി. അവിടെ നിന്ന് കയറിയ യുവാവ് ട്രെയിനിന്‍റെ സൈഡ് അപ്പര്‍ ബര്‍ത്തില്‍ ഉറങ്ങാനെന്ന ഭാവത്തില്‍ കിടന്നു. എന്നാല്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ട് പെണ്‍കുട്ടി നോക്കിയപ്പോഴാണ് യുവാവ് തന്നെ നോക്കിയിരുന്ന് സ്വയംഭോഗം ചെയ്യുന്നത് കണ്ടത്. പരിഭ്രമിച്ച് പോയ താന്‍ ഇറങ്ങി അടുത്ത കംപാര്‍ട്മെന്‍റിലെ വിദ്യാര്‍ഥികളോട് വിവരം പറഞ്ഞ് അവരെ കൂട്ടിക്കൊണ്ട് വന്നപ്പോള്‍ യുവാവ് കടന്ന് കളഞ്ഞുവെന്നാണ് പെണ്‍കുട്ടി  പറയുന്നത്. റെനയ്ക്ക് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ദുരനുഭവം വെളിവാക്കി സന്ദേശമയച്ചത്. 

എല്ലാവരും വിഡിയോയെടുക്കുന്നത് വൈറലാവാനാണെന്ന് വിചാരിക്കേണ്ടെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ നിരന്തരം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും റെന പറയുന്നു. ദീപകിന്‍റെ മരണത്തെ തുടര്‍ന്ന് കാര്‍ഡ് ബോര്‍ഡ് കെട്ടി നടന്നവരും മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണമെന്നും റെന തുറന്നടിച്ചു. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമം തമാശയല്ലെന്നും ഇങ്ങനെയുള്ള വേട്ടക്കാരെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും വിഡിയോയില്‍ പറയുന്നുന്നു. വിഡിയോയിലുള്ള ആളെ തിരിച്ചറിഞ്ഞാല്‍ നിയമപാലകര്‍ ഉചിതമായ ശിക്ഷ നല്‍കണമെന്നും റെന കൂട്ടിച്ചേര്‍ത്തു. ഇത്തരം അക്രമികളുടെ മുഖം മറയ്ക്കേണ്ട ആവശ്യമില്ലെന്നും ഇയാളെപ്പോലെയുള്ളവര്‍ അത് അര്‍ഹിക്കുന്നില്ലെന്നും റെന വ്യക്തമാക്കി. 

കഴിഞ്ഞമാസമാണ് ബസിനുള്ളില്‍ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് പറഞ്ഞ് ഷിംജിതയെന്ന യുവതി വിഡിയോ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിഡിയോയിലുണ്ടായിരുന്ന ദീപക് എന്ന യുവാവ് ജീവനൊടുക്കുകയും ചെയ്തു. സംഭവത്തില്‍ ഷിംജിത നിലവില്‍ അറസ്റ്റിലാണ്. സമൂഹമാധ്യമങ്ങളില്‍ റീച്ചുണ്ടാക്കുന്നതിനായാണ് ഷിംജിത ഇപ്രകാരം വിഡിയോ ചിത്രീകരിച്ചതെന്ന തരത്തില്‍ വലിയ ആക്ഷേപങ്ങള്‍ അവര്‍ക്ക് നേരെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ദീപകിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതും ഷിംജിതയ്ക്കെതിരെ നടപടിയെടുത്തതും. 

ENGLISH SUMMARY:

A shocking video showing a young man performing a lewd act in front of a college student on a train has gone viral in Kerala. The incident took place between Kumbla and Kasaragod stations when the student, traveling early in the morning, noticed the man on the upper berth misbehaving. Influencer Rena Fatima shared the footage on Instagram, demanding strict action against the perpetrator and highlighting the safety issues women face in public transport. This incident follows the controversial Shimjitha-Deepak case, where a viral video of alleged bus harassment led to the suspect's suicide and the subsequent arrest of the woman for defamation. Rena Fatima used the video to criticize those who dismiss harassment complaints as stunts for social media reach. She urged the railway police to identify and arrest the man, whose face is clearly visible in the recording. Child and women rights activists are calling for enhanced surveillance and RPF presence on early morning trains. The survivor reportedly sought help from other students in the adjacent compartment, but the culprit managed to flee before they arrived. Legal experts are debating the implications of posting such videos online given recent judicial developments in the state.