Image Credit : https://www.facebook.com/anwara.sulthana.58
ബസില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് യുവതി വിഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അവതാരികയും റിയാലിറ്റി ഷോ താരവുമായ (അന്‍വറ സുല്‍ത്താന) മസ്താനി. എല്ലാ സ്ത്രീകളും ഷിംജിതമാരല്ലെന്നും ഒരു ഷിംജിതയോ അക്സ കെ റെജിയോ വരുമ്പോ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്തുചെയ്യണം എന്നും ചോദിച്ചുകൊണ്ടാണ് അന്‍വറ സുല്‍ത്താന എന്ന മസ്താനി തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ എന്നും ദീപക്കിനൊപ്പമാണെന്നുകൂടി ഓര്‍മപ്പെടുത്തിക്കൊണ്ടാണ് മസ്താനിയുടെ പ്രതികരണം.
മസ്താനിയുടെ വാക്കുകള്‍ ഇങ്ങനെ...'ഞാന്‍ സമകാലീക വിഷയങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന വ്യക്തിയല്ല. പക്ഷേ ഈയൊരു വിഷയത്തില്‍ നിങ്ങളുമായി സംസാരിക്കണമെന്ന് തോന്നി. ദീപക്കിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അതിന് കാരണക്കാരിയായ ഷിംജിതയെ ഒരിക്കലും പിന്തുണയ്ക്കുകയുമില്ല. പക്ഷേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമത്തില്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകളും മറ്റ് പ്രതികരണങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് എതിരാണ്. എല്ലാ സ്ത്രീകളും ഇങ്ങനെയാണ്. എല്ലാ സ്ത്രീകളെയും ഞങ്ങള്‍ക്ക് പേടിയാണ്, സ്ത്രീകളുടെ കൂടെ ഞങ്ങള്‍ യാത്ര ചെയ്യില്ല എന്നൊക്ക. അത് കണ്ടപ്പോഴാണ് ഞാന്‍ ചിന്തിച്ചത്.. ഒരുപാട് സ്ത്രീകള്‍ പലരീതിയിലും ചൂഷണങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പീഡനങ്ങള്‍ അനുഭവിച്ചുണ്ട്. പീഡനങ്ങള്‍ അനുഭവിച്ച് മരണപ്പെട്ടിട്ടുണ്ട്. ഞങ്ങളാരും വന്നിട്ട് പറഞ്ഞിട്ടില്ല നിങ്ങള്‍ പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണ് എന്ന്' മസ്താനി പറയുന്നു.
'നിങ്ങളുടെ വീട്ടിലെ ഓരോ സ്ത്രീകള്‍ക്കും അവര്‍ ഇന്നുവരെ ജീവിച്ച ജീവിതത്തിനിടയില്‍, ഏതെങ്കിലും ഒരുനിമിഷത്തില്‍ അവര്‍ അനുഭവിച്ച ചൂഷണത്തിന്‍റെ ഒരു കഥയെങ്കിലും പറയാനുണ്ടാകും. ഒരു പുരുഷനില്‍ നിന്ന് പൊതുസ്ഥലങ്ങളില്‍, സ്കൂളില്‍, ബസില്‍, ഇടവഴികളില്‍, മദ്രസകളില്‍, ട്യൂഷന്‍ക്ലാസില്‍, സ്വന്തം വീട്ടില്‍ നിന്ന്, ബന്ധുക്കള്‍ക്കിടയില്‍ നിന്ന് അങ്ങനെ പലസ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ പുരുഷന്മാരാല്‍ അനുഭവിക്കപ്പെട്ട ഒരുപാട് ചൂഷണങ്ങളുണ്ട്. അപ്പോഴൊന്നും ആരും ഷിംജിത ചെയ്തത് പോലെ വിഡിയോ ഇറക്കാനോ അല്ലെങ്കില്‍ ഞങ്ങളെല്ലാം പുരുഷന്മാരെ പേടിച്ച് നില്‍ക്കുകയാണെന്നോ എവിടെയും വന്ന് പറഞ്ഞിട്ടില്ല. ഇത്തരം വിഡിയോ കാണുമ്പോള്‍ എന്തോ പോലെ തോന്നുന്നു. ഈ സംഭവം നടക്കുന്നതിന് കുറച്ച് ദിവസം മാത്രം മുന്‍പാണ് 14 വയസുളള ഒരു പെണ്‍കുട്ടി അവള്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച ആളില്‍ നിന്ന് പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് വന്ന പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്‍റ്സ് ആം സോറി, ആര്‍ഐപി സിസ്റ്റര്‍ എന്നൊക്കെയായിരുന്നു. അതും പറഞ്ഞ് ആ സംഭവത്തെ മറന്നുകളയും. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും സാധാരണസംഭവമായാണോ കാണുന്നത്? ഷിംജിതയുടെ കേസിലെപ്പോലൊരു പ്രതിഷേധമോ ഒറ്റക്കെട്ടായുളള പ്രതികരണമോ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളില്‍ കാണാറില്ല' എന്നും മസ്താനി പറയുന്നു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ദീപക്കിന് സംഭിച്ചത്. എന്നിരുന്നാലും ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കുകളോട് തനിക്ക് പറയാനുളളത് എല്ലാ സ്ത്രീകളും ഒരുപോലല്ല, എല്ലാവരും ഷിംജിതമാരല്ല എന്നാണെന്നും മസ്താനി കൂട്ടിച്ചേര്‍ത്തു. അതേസമയം നാളുകള്‍ക്ക് മുന്‍പ് ബസില്‍ ലൈംഗികാതിക്രമം കാട്ടിയ സവാദ് എന്ന വ്യക്തിയെക്കുറിച്ചും മസ്താനി പരാമര്‍ശിച്ചു. വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിലായിരുന്നു സവാദിനെക്കുറിച്ച് മസ്താനി പറഞ്ഞത്.. മസ്താനി പങ്കുവച്ച കുറിപ്പ് ഇങ്ങനെ..."Not all Women " ദീപക് എന്ന വ്യക്തിയോടൊപ്പം തന്നെ ആണ്. എന്നാലും ഇത് പറയാതെ ഇരിക്കാൻ വയ്യ. എല്ലാ സ്ത്രീകളും ഷിംജിതമാർ അല്ല. സാവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു. സവാദിനെ പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവർ ഈ ബസിൽ കയറരുത് എന്ന ബോർഡ് എവിടെയും കണ്ടിട്ടില്ല. ഒരു ഷിംജിതയോ അക്സ കെ റെജിയോ വരുമ്പോ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്ത് ചെയ്യണം????? മസ്താനി കുറിച്ചു.