സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കേസ് എടുത്ത് മൂന്നാം ദിവസമാണ് ഷിംജിതയെ പിടികൂടിയത്. മുസ്ലീം ലീഗ് പ്രവര്‍ത്തകയായ ഷിംജിത മുന്‍ വാര്‍ഡ് മെമ്പര്‍ കൂടിയാണ്.
നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ഷിംജിത വൈറലായ റീല്‍ മുക്കുകയും ഇന്‍സ്റ്റഗ്രാം പൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.
ബസിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും കാട്ടി ഷിംജിത ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.