സെല്‍ഫി വേണമെന്നാവശ്യപ്പെട്ട് വേദിയിലേക്കെത്തിയ കുഞ്ഞിനൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. എറണാകുളത്ത് കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്തിനിടയിലെ ദൃശ്യമാണ് പ്രചരിക്കുന്നത്.
സെല്‍ഫി എടുക്കാന്‍ വന്ന കുഞ്ഞിനോട് കുശലം ചോദിച്ച ശേഷം മൊബൈല്‍ വാങ്ങി രാഹുല്‍ ഗാന്ധി സെല്‍ഫിയെടുത്തു. തുടര്‍ന്ന് കുട്ടി തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ രാഹുല്‍ കുഞ്ഞിന്‍റെ കൈ പിടിച്ചുവയ്ക്കുന്നതും ചോക്ലേറ്റ് കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ചോക്ലേറ്റ് കവര്‍ പൊളിച്ചു നല്‍കുന്നു. പോകുംമുന്‍പ് ചോക്ലേറ്റ് ഉടുപ്പിന്‍റെ പോക്കറ്റിലിട്ടുകൊടുത്ത ശേഷമാണ് കുട്ടിയെ രാഹുല്‍ തിരിച്ചയക്കുന്നത്.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും, കെ.സി.വേണുഗോപാലും, ഉമ തോമസും രമ്യ ഹരിദാസും ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ ഗാന്ധിക്ക് തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. രാഹുലിന്‍റെയും കുഞ്ഞിന്‍റെയും കളിതമാശകള്‍ ചിരിയോടെയാണ് കാണികള്‍ നോക്കിനിന്നത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് െചയ്ത ഈ വിഡിയോ ഒട്ടേറെപ്പേര്‍ കണ്ടു.
ഒറ്റക്കെട്ടായി നിന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടാമെന്ന് രാഹുല്‍ ഗാന്ധി മഹാപഞ്ചായത്തില്‍ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നുവെന്നും കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായാണ് കെപിസിസി മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. നാല് കോര്‍പറേഷന്‍ ഭരണം അടക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍വിജയം ആഘോഷിക്കാന്‍ കൂടിയായിരുന്നു കൊച്ചി മറൈന്‍ ഡ്രൈവിലെ ഈ ഒത്തുചേരല്‍.