TOPICS COVERED

കൊടിമരം പൊളിക്കുമ്പോള്‍ കൊടിമരത്തിന് മുകളിലെ വാഹനം ക്ഷേത്രം തന്ത്രിക്ക് അവകാശപ്പെട്ടതെന്ന് തന്ത്രസമുച്ചയം. വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത് എന്ന് തന്ത്രസമുച്ചയം പത്താംഅധ്യായത്തില്‍ പറയുന്നുണ്ട്  എന്നാണ് മറ്റ് ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ പറയുന്നത്. വാജിവാഹനം എസ്.ഐ.ടി പിടിച്ചെടുത്തതിലാണ് വിശദീകരണം. 

ശാസ്താവിന്‍റെ വാഹനം കുതിരയാണ്. കുതിരയാണ് ശബരിമല കൊടിമരത്തിന് മുകളിലെ വാഹനം. വിഷ്ണു ക്ഷേത്രമെങ്കില്‍ അത് ഗരുഡന്‍ ആകും. 1971ല്‍ നിര്‍മിച്ച കൊടിമരം പൊളിച്ച് 2017ല്‍ ആണ് ശബരിമലയില്‍ പുതിയ കൊടിമരം  സ്ഥാപിച്ചത്. ആദ്യ കൊടിമരത്തിന്‍റെ ഉള്‍വശം കോണ്‍ക്രീറ്റ് ആയിരുന്നു. 2017 ഫെബ്രുവരി17ന് ആയിരുന്നു പൊളിക്കല്‍ ചടങ്ങുകള്‍. 

തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മണിക്കൂറുകൾ നീണ്ട താന്ത്രിക കർമങ്ങളിലൂടെ ധ്വജത്തിലെ ദേവ ചൈതന്യം ആവാഹിച്ചുമാറ്റി അയ്യപ്പനിൽ ലയിപ്പിച്ചാണു കൊടിമരം പൊളിച്ചത്. കൊടിമരം പൊളിച്ചപ്പോള്‍ ആചാരപ്രകാരം ഔദ്യോഗികമായി വാജിവാഹനം (വെള്ളിക്കുതിര) തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൈമാറിയെന്ന്ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ എൻ.ആർ.സി. കുറുപ്പ് പറയുന്നു. 

ഈ വാജി വാഹനം ഹൈദരാബാദിലെ വ്യവസായിക്ക് കൈമാറിയെന്ന് ആരോപണം വന്നപ്പോള്‍ തന്‍റെ വീട്ടിലുണ്ട് എന്ന് തന്ത്രി പറഞ്ഞിരുന്നു. വിവാദം ഉയര്‍ന്നതോടെ വാജിവാഹനം തിരിച്ചെടുക്കണം എന്ന് കാട്ടി ഒക്ടോബര്‍ 17ന് തന്ത്രി തന്നെ ദേവസ്വംബോര്‍ഡിന് കത്ത് നല്‍കിയെങ്കിലും ഏറ്റെടുത്തിരുന്നില്ല. 

ENGLISH SUMMARY:

Kodimaram Vajivahanam controversy explained. The Vajivahanam (silver horse) traditionally belongs to the temple priest, as per Thanthrasamuchayam, after the Kodimaram demolition.