ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലെ ജോസ് മോൻ ഇത്തവണയുമുണ്ട് കലോത്സവത്തിന്. മാമന്റെ സൂപ്പർപവർ കണ്ടുപിടിക്കാനല്ല, ചാക്യാരാകാൻ. ചാക്യാർകൂത്താണ് ഇനം. പാലക്കാട് വാണിയംകുളം ടിആർകെഎച്ച്എസ്‌എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വസിഷ്ഠിൻ.
അർജുൻദാസ് നായകനാകുന്ന തമിഴ് ചിത്രം സൂപ്പർ ഹീറോയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ചിത്രത്തിൽ വസിഷ്ഠിന് മുഖ്യവേഷമാണ്. കലോത്സവം കഴിഞ്ഞിട്ട് വേണം ചെന്നൈയിലേക്ക് മടങ്ങാൻ. കഴിഞ്ഞ കലോത്സവത്തിൽ എ ഗ്രേഡായിരുന്നു ഫലം. ഇത്തവണയും നേടുമെന്നാണ് വസിഷ്ഠിന്റെ ആത്മവിശ്വാസം.
മാതാപിതാക്കൾ ഇതേ സ്കൂളിലെ അധ്യാപകരാണ്. പഠിപ്പിച്ചെടുക്കാൻ അവർ ഒപ്പമുണ്ട്. സ്‌കൂളിലെ ഒരു പരിപാടിയുടെ ഭാഗമായാണ് വസിഷ്ഠ് ആദ്യമായി ചാക്യാരുടെ വേഷം അണിയുന്നത്. അത് പിന്നെ ഒരു ഹരമായി. വെള്ളിത്തിരയിലെ കിട്ടിയ കയ്യടി കലോത്സവ വേദികളിലും നേടി. നർമവും ഹാസ്യവും നിറച്ച് ഇത്തവണയും വേദി കീഴടക്കും. അതിനുള്ള തീവ്രശ്രമത്തിലും കാത്തിരിപ്പിലുമാണ് മലയാളികളുടെ ജോസ് മോൻ.