‘പൊട്ടിക്കാന്‍ ഏറ്റവും എളുപ്പം ഇസ്ലാമിക മാന്ത്രികമാണ്.’ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വൈറലായ ഒരു വിഡിയോയിലെ വാചകമാണിത്. ജ്യോതിഷിയും മാന്ത്രികനുമായ പാലക്കാട് സ്വദേശി ജയകുമാര്‍ ശര്‍മ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഒറ്റദിവസം കൊണ്ട് രണ്ടുലക്ഷത്തിലേറെപ്പേരാണ് കണ്ടത്. ഇതേ വിഡിയോ ഫെയ്‌സ്ബുക്കിലും വൈറലായി. തൊട്ടുപിന്നാലെ ട്രോളുകളും പറപറന്നു. 

‘ചിലരൊക്കെ കരുതുന്നത് ഇസ്ലാമിക മാന്ത്രികങ്ങളെല്ലാം പൊട്ടിക്കാന്‍ ഭയങ്കര പാടാണെന്നാണ്. ഭയത്തോടുകൂടിയാണ് അവരെല്ലാം അതേക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ മാന്ത്രികങ്ങളില്‍ ഏറ്റവും എളുപ്പം പൊട്ടിക്കാന്‍ സാധിക്കുന്നത് ഇസ്ലാമിക മാന്ത്രികമാണ്. വളരെ ദുര്‍ബലമായ പല ജിന്നുകളായിരിക്കും ഇവരുടെ മന്ത്രമൂര്‍ത്തികളും ബാധമൂര്‍ത്തികളും. ഈ ജിന്നുകളെ തളയ്ക്കാന്‍ മാത്രമല്ല, അവയെ ആരാണോ വിട്ടത് അവരിലേക്ക് തന്നെ തിരിച്ചുവിടാനും വളരെ എളുപ്പം സാധിക്കും. ഹൈന്ദവ മൂര്‍ത്തികളെ തളയ്ക്കുന്നതിനെക്കാള്‍ നിഷ്പ്രയാസം ചെയ്യാവുന്ന ഒന്നാണ് ഇസ്ലാമിക മാന്ത്രിക കര്‍മത്തിന് തടയിലും തിരിച്ചയക്കലുമെല്ലാം...’ – ഇതായിരുന്നു ശര്‍മയുടെ വാക്കുകള്‍.

വിഡിയോയുടെ കമന്‍റ് ബോക്സില്‍ രസകരമായ വിമര്‍ശനങ്ങളും കമന്‍റുകളുമാണ് വന്നത്. തൊട്ടുപിന്നാലെ ആലപ്പുഴ സ്വദേശിയും ഇസ്ലാമിക പണ്ഡിതനുമായ അന്‍സാരി സുഹ്‍റി ജയകുമാര്‍ ശര്‍മയുടെ വിഡിയോയെ സരസമായി വിമര്‍ശിച്ച് വിഡിയോ പോസ്റ്റ് ചെയ്തു. ശര്‍മയുടെ വിഡിയോ പ്ലേ ചെയ്തുകൊണ്ടാണ് അന്‍സാരി തുടങ്ങുന്നത്. കോഴിമുട്ടയില്‍ പെന്‍സില്‍ കൊണ്ട് വരച്ച് രസകരമായ ഭാവപ്രകടനങ്ങളോടെയാണ് അന്‍സാരി ഇരിക്കുന്നത്. 

‘പൊന്നാര സ്വാമീ, അതൊക്കെ സ്വാമിയുടെ വ്യാമോഹമാണ്. എ, ബി, സി. ഡി എഴുതിയിട്ട് ഈ മൊട്ടയില്‍ ഒരു കാച്ചങ്ങോട്ട് കാച്ചിയാലുണ്ടല്ലോ സ്വാമീ, സ്വാമിയെന്നല്ല, അതിനപ്പുറമുള്ള സ്വാമിയും ഇല്ല. അങ്ങനത്തെ ഉഗ്രന്‍ സാധനമുണ്ട്. പവറേഷന്‍ എന്നൊരു ജിന്നുണ്ട്. അതങ്ങോട്ട് വിട്ടാല്, പിന്നെ സ്വാമീടെ പണി തീര്‍ന്നു...’ – ഈ ട്രോള്‍ ഡയലോഗിന് പിന്നാലെ അന്‍സാരി കാര്യത്തിലേക്ക് കടന്നു.  

‘പൊന്നാര സ്വാമീ, അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയുകയാണ്... എന്തായാലും ജീവിക്കാന്‍ വേണ്ടി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. അതിലും വര്‍ഗീയത കലര്‍ത്തല്ലേ. ഇവിടിപ്പൊ പഞ്ചസാരയിലും തേയിലയിലും വരെ വര്‍ഗീയതയാണ്. അന്ധവിശ്വാസത്തില്‍ കൂടി വര്‍ഗീയത കലര്‍ത്തിക്കഴിഞ്ഞാല്‍ എന്തുചെയ്യും സ്വാമീ...

സ്നേഹത്തോടെ ഒരുകാര്യം പറയട്ടെ. യഥാര്‍ഥ മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് മൂര്‍ഖന്‍ പാമ്പിനെയും മൂര്‍ക്കനാടിനെയും അറിയാം. ഈ ഇസ്ലാമിക മൂര്‍ത്തികളെയൊന്നും അറിയില്ല. ക്ഷുദ്രം ചെയ്യല്‍, മാരണം തുടങ്ങിയ പരിപാടികള്‍ ഇസ്‍ലാമിക വിശ്വാസപ്രകാരം ഏറ്റവും വലിയ തെറ്റാണ്. ഒരു യഥാര്‍ഥ മുസ്‍ലിമും അത് ചെയ്യാറില്ലെന്ന് മാത്രമല്ല, അതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. പണമുണ്ടാക്കാന്‍ വേണ്ടി കുറച്ച് വൃത്തികെട്ടവന്മാര്‍ നടത്തുന്ന പണികളാണ് ഇതെല്ലാം. ഇതില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ട്. 

പണ്ട് നമ്മുടെ നാട്ടില്‍ പരസ്പരം എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് സംസാരിച്ച് തീര്‍ക്കും. ഇന്ന് അങ്ങനെയല്ല. ഇന്ന് പലരും ഈ പണിയൊക്കെയാണ് ചെയ്യുന്നത്. കൂടുതലും സ്ത്രീകളാണ് ഇതിനുവേണ്ടി പോകുന്നത്. ഇവര്‍ പോകുന്നത് ഇസ്‍ലാമിക പണ്ഡിതരുടെ അടുത്തുമല്ല. അത് സ്വാമി ആദ്യം മനസിലാക്കണം. മതപണ്ഡിതരില്‍ 99.99 ശതമാനം പേരും ക്ഷുദ്രം ചെയ്യാനും മൂര്‍ത്തിവിടാനും ഒന്നും തയാറാകില്ല. മതത്തില്‍ ഏറ്റവും ഗൗരവതരമായ തെറ്റായതുകൊണ്ട്. യഥാര്‍ഥ മുസല്‍മാന്‍ അത് ചെയ്യില്ല. പിന്നെ വയറുനിറയ്ക്കാന്‍ നടക്കുന്ന ഏതെങ്കിലും നാറികള്‍ ചെയ്യുന്നെങ്കിലേ ഉള്ളു.’ എന്തായാലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. അതുകൊണ്ട് സ്വാമി ജീവിക്കുന്നു, അതിനകത്തും വര്‍ഗീയത കലര്‍ത്തല്ലേ... എന്നുപറഞ്ഞാണ് അന്‍സാരി സുഹ്റി വിഡിയോ അവസാനിപ്പിക്കുന്നത്. 

അന്‍സാരിയുടെ വിഡിയോയിലും മോശം കമന്‍റുകളൊന്നും ഉണ്ടായില്ല. വിഡിയോ കണ്ട ജയകുമാര്‍ ശര്‍മയുടെ മറുപടിയാണ് വീണ്ടും തരംഗമായത്. ശര്‍മയുടെ വിഡിയോ അന്‍സാരി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്തു. 

‘പ്രിയ സഹോദരന്‍ അന്‍സാരിക്ക് എന്‍റെ പ്രണാമം. ഞാന്‍ ഇസ്‍ലാമിക മാന്ത്രികത്തെക്കുറിച്ച് ഇട്ട ഒരു വിഡിയോയ്ക്ക് അങ്ങ് നല്‍കിയ മറുപടി തീര്‍ത്തും മാന്യവും അവസരോചിതവുമായ ഒന്നായിരുന്നു. വളരെ മാന്യമായ ഭാഷയിലും ഒപ്പം വളരെ രസകരമായ രീതിയിലുമാണ് അങ്ങ് മറുപടി പറഞ്ഞത്. ആ മറുപടി ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു വ്യക്തിയെ ബഹുമാനിച്ചുകൊണ്ടുതന്നെ, ആദരിച്ചുകൊണ്ടുതന്നെ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ സാധിക്കും എന്നുള്ളതിനും അത് വേറൊരാളുടെ വ്യക്തിത്വത്തെയോ അഭിപ്രായസ്വാതന്ത്ര്യത്തെയോ ഹനിക്കാതെ അത് രസകരമായി അവതരിപ്പിക്കാന്‍ സാധിക്കും എന്നതിനും മികച്ച ദൃഷ്ടാന്തമാണ് പ്രിയസുഹൃത്ത് അന്‍സാരി അദ്ദേഹത്തിന്‍റെ ചാനലിലൂടെ ചെയ്തത്. അദ്ദേഹത്തിന് ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ഒപ്പം ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു.’ – ഇതായിരുന്നു ശര്‍മയുടെ വാക്കുകള്‍.

‘പ്രിയപ്പെട്ട സ്വാമിക്ക് എന്‍റെ സ്നേഹാദരം’ എന്ന ക്യാപ്ഷനോടെയാണ് അന്‍സാരി വിഡിയോ പോസ്റ്റ് ചെയ്തത്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 4 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. അന്‍സാരിയുടെ പേജിലെ പോസ്റ്റിന് മാത്രം ലഭിച്ചത് ഇരുപത്തയായിരത്തോളം ലൈക്കുകള്‍. ആയിരത്തി ഇരുന്നൂറോളം കമന്‍റുകളും. ‘ഇതുപോലുള്ള സ്വാമിമാരും ഇതുപോലുള്ള ഉസ്താദുമാരും ഇതുപോലുള്ള ക്രൈസ്തവരും അടങ്ങുന്ന ഇന്ത്യയാണ് യഥാര്‍ഥ ഇന്ത്യ...’ എന്ന പോസ്റ്റാണ് കമന്‍റ് ബോക്സിലെ വികാരത്തിന്‍റെ ആകെത്തുക.

Astrologer Jayakumar Sharma and Scholar Ansari Zuhri’s Heartwarming Exchange Wins Internet:

A video by astrologer Jayakumar Sharma went viral after he claimed that "Islamic magic" is the easiest to break because the spirits involved are weak. In response, Islamic scholar Ansari Zuhri posted a lighthearted video using humor to debunk these claims while urging Sharma not to mix communalism with superstition. Ansari clarified that true Muslims consider sorcery a grave sin and that those practicing it are merely exploiting people for money. Remarkably, Sharma responded to the criticism with grace, praising Ansari for his respectful tone and offering him his blessings. This civilized exchange between the two has been widely celebrated by social media users as a beautiful example of communal harmony and mutual respect in India.