സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരുകൾ. 25 വേദികളിലായി 249 മത്സരങ്ങളാണ് ഇക്കൊല്ലം നടക്കുക. ന്യൂജൻ തലമുറയ്ക്ക് കേട്ടു കേൾവി പോലും ഇല്ലാത്ത പൂക്കൾ വരെയുണ്ട് ലിസ്റ്റിൽ.
കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദികൾക്ക് പുഴകളുടെ പേരുകളായിരുന്നെങ്കിൽ ഇകൊല്ലം പൂക്കളാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ 25 വേദികളുടെയും പേരുകൾ പറഞ്ഞത്. സൂര്യകാന്തിയും, പാരിജാതവും, ആമ്പലും ഒക്കെ ഇതിൽ ഉൾപ്പെടുന്നു.
25 പൂക്കളുടെ പേരുകളാൽ വേദികൾ വിരിയും. കലകൾ കൊണ്ട് വേദികളിൽ ഗന്ധം പടരും. കലോത്സവത്തിന് വരുന്ന പലരും ആദ്യമായി കേൾക്കുന്ന പൂക്കളുടെ പേരുകൾ വരെ ഉണ്ട് വേദികൾക്ക്. കർണ്ണികാരവും കനകാംബരവും കൗമാരക്കാർക്ക് കേട്ടു കേൾവി പോലും ഇല്ലാത്തതാകാം. എന്നാൽ പണ്ടുതൊട്ടേ പ്രശസ്തമായ പൂക്കളുടെ റാണിയായ റോസും, ജലറാണിയായ താമരയും വേദികൾക്ക് അന്യമായി.