കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ നിർണ്ണായക സ്വാധീനമാകാൻ പോകുന്ന പെട്രോകെമിക്കൽ മേഖലയിൽ കൂടുതൽ കരുത്തുറ്റ ചുവടുവെപ്പുകൾ ലക്ഷ്യമിടുകയാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്. പെട്രോകെമിക്കൽ രംഗത്ത് പുത്തൻ കുതിപ്പിലേക്ക് നീങ്ങുന്ന കേരളത്തിൽ ഈ മേഖലയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനായി പെട്രോകെമിക്കൽ ആന്‍ഡ് അലൈഡ് സെക്ടേഴ്സ് ഉച്ചകോടി സംഘടിപ്പിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബിപിസിഎല്ലിന്റെ സാന്നിധ്യം പെട്രോകെമിക്കൽ രംഗത്ത് കേരളത്തിന് നൽകുന്ന സാധ്യതകളും വളരെ വലുതാണ്. കിൻഫ്രയുടെ പെട്രോകെമിക്കൽ പാർക്കും ബിപിസിഎല്ലും ചേർന്ന് കേരളത്തിൽ സൃഷ്ടിക്കുന്ന പുതിയ ആവാസവ്യവസ്ഥ സംരംഭകർക്ക് വലിയ മുതൽക്കൂട്ടാകും. ബിപിസിഎല്ലിന്റെ പിഡിപിപി പദ്ധതി വഴി പെട്രോകെമിക്കൽ അനുബന്ധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ഇതിനായി 10,000 കോടി രൂപ നിക്ഷേപത്തിൽ ബൃഹത്തായ പോളിമർ ഉൽപ്പാദന പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. 110 കോടി രൂപ ചെലവിൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ അത്യാധുനിക ടെസ്റ്റിംഗ് കേന്ദ്രവും 2027ഓടെ കൊച്ചിയിൽ പൂർത്തിയാകും. സർവ്വകലാശാലാ കേന്ദ്രീകൃതമായ ടെസ്റ്റിംഗ് സംവിധാനങ്ങളെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലും പെട്രോകെമിക്കൽ ഉൾപ്പെടെയുള്ള മേഖലകളിൽ വന്നിട്ടുള്ള നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ നാം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. ഇതുൾപ്പെടെയുള്ള അനുകൂല അന്തരീക്ഷം ഇന്നുസംഘടിപ്പിച്ച കോൺക്ലേവിലൂടെ കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.