ബന്ദിയാക്കപ്പെട്ട വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോ കൊള്ളാവുന്ന ഭരണാധികാരി അല്ലെന്ന അഭിപ്രായവുമായി ഡോ. ഹാരിസ് ചിറക്കൽ. ആകെ മൂന്നു കോടി ജനങ്ങൾ. അതിൽ 80 ലക്ഷം പേർ നാട്ടിൽ ജീവിക്കാൻ കഴിയാതെ നാടുവിട്ട് ഓടിപ്പോയി. അപ്പോൾ ഭരണാധികാരി കൊള്ളില്ല. അതാണ് മനസിലാക്കേണ്ടത്. ഫിദൽ കാസ്ട്രോയും ഹ്യൂഗോ ഷാവിസും അമേരിക്കയുടെ മുന്നിൽ പിടിച്ചു നിന്നത് മികച്ച ഭരണാധികാരികൾ ആയതു കൊണ്ടാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മികച്ച ഭരണത്തിൽ സന്തുഷ്ടരായ ജനങ്ങൾ അവർക്ക് നൽകിയ പിന്തുണ കൊണ്ടാണ്. അതേ സമയം പത്ത് മിനിറ്റ് യുദ്ധത്തിൽ ഭരണാധികാരിയെ കുടുംബസമേതം പൊക്കിക്കൊണ്ട് പോയെങ്കിൽ ആ ഭരണാധികാരിക്ക് ജനപിന്തുണ ഇല്ല എന്നർത്ഥം. രാജ്യത്തിൽ തന്നെ ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ടെന്നർത്ഥം. ചെറിയ ഇരപിടിയനെ വലിയ ഇരപിടിയൻ റാഞ്ചുന്നതാണ് പ്രകൃതി നിയമം.
അമേരിക്കയുടെ നടപടിയും അത്ര ശരിയല്ല. ഒരു സ്വതന്ത്ര രാജ്യത്തെ ആക്രമിച്ച് ഭരണാധികാരിയെ അറസ്റ്റ് ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. കഴിഞ്ഞ കാലങ്ങളിൽ ഇതുപോലെ മറ്റു രാജ്യങ്ങളിൽ കടന്നു കയറിയതിന് അമേരിക്കക്ക് നൽകേണ്ടിവന്ന വില ചെറുതല്ല. സാമ്പത്തിക നഷ്ടം, ജീവത്യാഗം ചെയ്യേണ്ടിവന്ന അമേരിക്കൻ യുവ സൈനികർ, വേൾഡ് ട്രേഡ് സെന്റർ മോഡൽ ഭീകരാക്രമണങ്ങൾ അങ്ങനെ പലതും.
അസ്തമയം ആരംഭിച്ച അമേരിക്കൻ സാമ്രാജ്യത്തെ ഒന്നുകൂടി തിരികെ എത്തിക്കാനുള്ള ട്രംപിന്റെ ശ്രമം ആയിട്ടും കരുതാം. പക്ഷെ, കാലം മാറി. അമേരിക്കൻ സാമ്രാജ്യത്തെ ചോദ്യം ചെയ്യാൻ ചൈന, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളും കൂട്ടായ്മകളും ഇന്നുണ്ട്. ഒന്നുകൂടി പറയട്ടെ, ചെറിയ ഇരപിടിയന്മാരെ റാഞ്ചാൻ വലിയ ഇരപിടിയന്മാർ എപ്പോഴും ഉണ്ടാകും. ഒന്നും ഒന്നിന്റേയും അവസാനമല്ലന്ന് പറഞ്ഞാണ് ഡോ. ഹാരിസ് ചിറക്കൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്ക് ജയിലിലടച്ചിരിക്കുകയാണ്. യുഎസിലേക്കുള്ള ലഹരിക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ മഡുറോയെ വിചാരണ ചെയ്യും. സുസ്ഥിരഭരണം ഉറപ്പാകുംവരെ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്‍റെ ഭരണം യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കരീബിയൻ മേഖലയിൽ വ്യോമപാത അടച്ചതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.