തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്‍റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു എംഎൽഎ. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ആന്‍റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.
ഇതിന് സമാനമായ രംഗങ്ങള്‍ 1991 ല്‍ പുറത്തിറങ്ങിയ ആനവാല്‍മോതിരം എന്ന ചിത്രത്തിലുമുണ്ട്. 1990 ൽ ഗ്രേഗ് ചാമ്പ്യന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് കോമിക് ചിത്രം ഷോർട്ട് ടൈമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആനവാൽ മോതിരം ഒരുക്കിയത്. ടി ദാമോദരന്‍റെ തിരക്കഥയില്‍ ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസന്‍, സുരേഷ് ഗോപി എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍.
സിനിമയിലെ രംഗമിങ്ങനെയാണ്, ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന വിദേശ പൗരനെ സി.ഐ ജെയിംസും എസ്.ഐ നന്ദകുമാറും ചേര്‍ന്ന് പിടികൂടുന്നു. ജയിംസായി ശ്രീനിവാസനും നന്ദകുമാറായി സുരേഷ് ഗോപിയുമാണ് ചിത്രത്തിലെത്തുന്നത്. ചോദ്യം ചെയ്യലിനിടെ അയാളുടെ അടിവസ്ത്രത്തില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തുന്നു. കേസിന്‍റെ വിചാരണയില്‍ സി.ഐ ജയിംസിനോട് അഭിഭാഷകന്‍ ചോദിക്കുന്നു, 'അയാള്‍ ഡ്രോയര്‍ ധരിച്ചിരുന്നോ , അതോ വേറെ എവിടെയെങ്കിലും വച്ചിരിക്കുകയിരുന്നോ എന്ന് . സി.ഐ ജയിംസ് ഡ്രോയര്‍ ധരിച്ചിരുന്നെന്ന് മറുപടിയും നല്‍കി.
തൊട്ടടുത്ത രംഗത്തില്‍ അഭിഭാഷകന്‍ നീല നിറമുള്ള അടിവസ്ത്രം പുറത്തെടുത്തു . പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോയെ ധരിപ്പിക്കാമോ എന്നായി ചോദ്യം. അതിന് കഴിയില്ലന്ന് ഉറപ്പിച്ചതോടെ കേസ് പൊളിഞ്ഞു. ഇതോടെ ‘പ്രതിയുടെ പേരില്‍ ആരോപിച്ച കുറ്റകൃത്യം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്നും , സ്വന്തം പ്രവര്‍ത്തിയില്‍ അപഹാസ്യരാകും വിധത്തത്തില്‍ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി കോടതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ വെറുതെ വിട്ടു. ആന്‍റണി രാജു കേസ് വീണ്ടും ചര്‍ച്ചയായപ്പോള്‍ ഈ ശ്രീനി ചിത്രവും സൈബറിടത്ത് ചര്‍ച്ചയാണ്.