പാലക്കാട്ടെ മലബാർ ഡിസ്ലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച ബവ്കോ പുലിവാല് പിടിച്ച അവസ്ഥയില്‍. ക്യപ്റ്റൻ, ഡബിൾ ചങ്കൻ, കപ്പിത്താൻ, പോറ്റിയെ കേറ്റി.. സർക്കാരിന്റെ പുതിയ ബ്രാൻഡ് മദ്യത്തിന് പൊതുജനങ്ങൾ നിർദേശിക്കുന്ന പേരുകളാണിവ.
കമൻ്റ് ചെയ്യുന്ന അൻപത് പേരിൽ പകുതിപേരും ക്യാപ്റ്റനാണ് മുൻതൂക്കം നൽകുന്നത്. കപ്പിത്താനുമുണ്ട് കപ്പടിക്കാൻ. ഹിറ്റടിച്ച പോറ്റിയേ കേറ്റിയേ പാട്ടിന് പിന്തുടർച്ച പോലെ പോറ്റിയെ കേറ്റി, പോറ്റി ബ്രാക്കറ്റിൽ എസ് എന്ന പേരും നിർദേശിക്കുന്നവർ ഏറെയാണ്.
കേരള ലഹരി, കെ ബ്രാൻഡി, കെ കിക്ക്, കെ രസം എന്നീ പേരുകളും ഉചിതമെന്ന് കമന്റുകളുണ്ട്.. ഗോൾഡ് തെഫ്റ്റ് ബ്രാൻഡി എന്നോ സഖാവ് ബ്രാൻഡിയെന്നോ ചേർത്താൽ കൂടുതൽ വിറ്റുപോകുമെന്നും ഉപദേശം. റെഡ് വൊളണ്ടിയേഴ്സ്, കമ്മി ബ്രാണ്ടി ഒടുവിൽ സഖാവ് എന്ന പേരിൽ വരെ എത്തി നിൽക്കുന്നു പുതിയ പേരിൻ്റെ നിർദേശം. ലോഗോയിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ചാൽ കൂടുതൽ മദ്യം വിറ്റുപോകുമെന്നും ചിലർ ഉപദേശിക്കുന്നുണ്ട്.
'പതിനായിരം ഉലുവയ്ക്ക് ഞമ്മളുടെ തല തരൂല അൻപത് ലക്ഷം തരാൻ തയാറായാൽ പേര് രഹസ്യമായി പറയാമെന്ന്' തമാശിക്കുന്നവരുമുണ്ട്.അറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിൽ ബവ്കോ ആസ്ഥാനത്തെ ഫോണിൽ വിളിച്ചും പേരിടൽ ചടങ്ങിൽ പങ്കാളികളാകുന്നവരുണ്ട്. ആളുകൾ ഉഷാറാണ് പക്ഷേ ഇത്രയധികം മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബവ്കോ എം.ഡി പറഞ്ഞു.