മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം പങ്കുവെച്ച് അഡ്വ. എ.പി. സ്മിജി. അന്തരിച്ച ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് ഫോണിൽ വിളിച്ചാണ് ഈ വിവരം അറിയിച്ചതെന്ന് സ്മിജി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചെറുപ്പം മുതൽ അച്ഛൻ പറഞ്ഞുകേട്ട പാണക്കാട്ടെ കഥകൾ കേട്ടാണ് താന്‍ വളർന്നതെന്നും, വീട്ടിലെ ചുവരിൽ തൂക്കിയിട്ട ശിഹാബ് തങ്ങളുടെ ചിത്രം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും, പഠനകാര്യത്തിലും അഭിഭാഷകയായപ്പോഴും ആദ്യം അനുഗ്രഹം തേടിയെത്തിയത് പാണക്കാട്ടായിരുന്നുവെന്നും തന്റെ കുടുംബത്തിന് പാണക്കാട് തങ്ങൾ കുടുംബവുമായുള്ള ദീർഘകാല ആത്മബന്ധത്തെക്കുറിച്ച് സ്മിജി കുറിപ്പിൽ പറയുന്നു.

കുറിപ്പ്

ചെറുപ്പത്തിൽ അച്ചൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു..പതിറ്റാണ്ടുകളായി വീട്ടിൽ തൂക്കിയിട്ട ഫോട്ടോകളിൽ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ല.അച്ചൻ  ഈശ്വരവിശ്വാസിയായിരുന്നു,ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടങ്ങാതെ നിർവഹിച്ച വിശ്വാസി. ആ വിശ്വാസം തന്നെയാണ് അച്ചൻ ഞങ്ങളേയും പഠിപ്പിച്ചത്. വിശ്വാസ കാര്യത്തിൽ ഉറപ്പിച്ചു നിർത്തിയ പോലെ അച്ചൻ  മറ്റൊന്നു കൂടി ഞങ്ങളെ പഠിപ്പിച്ചു. പാണക്കാട് കുടുംബവുമായുള്ള ബന്ധം. ആ കുടുംബം സഹോദര സമുദായങ്ങളോട് കാണിക്കുന്ന സ്നേഹത്തെ ചെറുപ്പത്തിലേ ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പഠന കാര്യത്തെ കുറിച്ച് ആദ്യം അഭിപ്രായം ചോദിച്ചതും, പിന്നീട് അഭിഭാഷകയായപ്പോൾ ആദ്യം അച്ചൻ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നു. അച്ചന്‍റെ കാലം കഴിഞ്ഞപ്പോഴും ഞങ്ങളെ ചേർത്തു നിർത്തി. അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആയത്. ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു.. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്. ജനറലായ വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്രയോ സീനിയറും യോഗ്യരുമായ പലരും ഉണ്ടായിട്ടും എന്നെയാണ് തങ്ങൾ പ്രഖ്യാപിച്ചത്. ഒരിക്കൽ പോലും അങ്ങനെ ഒരു ആഗ്രഹം

ഞാനോ, എനിക്ക് വേണ്ടപ്പെട്ടവരോ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും എന്നെ മുസ്ലിംലീഗ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു.

അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുന്നു..മുസ്ലിം ലീഗിന്‍റെ മതേതരത്വം, പാണക്കാട് കുടുംബത്തിന്‍റെ സാഹോദര്യ സ്നേഹം..മലപ്പുറത്തിന്‍റെ ഈ സ്നേഹ പാഠം തലമുറകളിലൂടെ പരന്നൊഴുക്കട്ടെ..

ENGLISH SUMMARY:

Adv. A.P. Smiji has been elected as the Malappuram District Panchayat Vice President. This announcement, made by Panakkad Sayyid Sadiq Ali Shihab Thangal, marks a significant moment for Smiji and highlights the enduring relationship between her family and the Panakkad Thangal family.