പൊലീസ് സ്റ്റേഷനിൽ കയറി ‘അവലും മലരും’ മേശപ്പുറത്ത് വെച്ച് സിപിഐഎം നേതാവിന്റെ ഭീഷണി. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ സജീവും കൂട്ടരുമാണ് എസ്ഐക്ക് നേരെ ഭീഷണി മുഴക്കിയത്.
കൊല്ലം കോർപ്പറേഷൻ പള്ളിമുക്ക് ഡിവിഷനിലെ മുൻ കൗൺസിൽ ആയിരുന്ന എം സജീവമാണ് ഇരവിപുരം സ്റ്റേഷനിൽ എത്തി എസ്ഐ ആർയു രഞ്ജിത്തിനെതിരെ കൊലവിളി ഭീഷണി നടത്തിയത്. നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണികളയിക്കുമെടാ എന്ന് പറഞ്ഞായിരുന്നു ഭീഷണി. എസ്ഐയുടെ മേശപ്പുറത്ത് അവലും മലരും പഴവും വെച്ചായിരുന്നു ഭീഷണി.
സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ സജീവിനെയും സംഘത്തെയും തടഞ്ഞു. പിന്നീട് സംഘം സ്റ്റേഷനിലെ ഗ്രിൽ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് പെട്രോൾ പമ്പിൽ വച്ച് അവിടുത്തെ ജീവനക്കാരിയെ ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. നാട്ടുകാർ പിടിച്ചുവെച്ച ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇൻഷുറൻസ് ഇല്ലാത്ത ഈ ബൈക്ക് വിട്ടു നൽകണമെന്ന് സജീവ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. ഇതിനു മറുപടിയായാണ് സജീവിന്റെ നേതൃത്വത്തിൽ 11 അംഗസംഘം സ്റ്റേഷനിൽ എത്തി ഭീഷണി നടത്തിയത്. 11 പേർക്കെതിരെയും ഇരുവിപുരം പൊലീസ് കേസെടുത്തു.