തിരഞ്ഞെടുപ്പിന് പിന്നാലെ സൈബറിടത്തും രാഷ്ട്രിയത്തിലും ഒരു പോലെ വൈറലാണ് 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ...' എന്ന യുഡിഎഫ് പ്രചാരണ പാരഡിഗാനം. നാദാപുരം ചാലപ്പുറം സ്വദേശി ജി.പി. കുഞ്ഞബ്ദുള്ളയാണ് ഈ പാട്ടെഴുതിയിരിക്കുന്നത്.
‘നെഞ്ച് പിളര്‍ക്കുന്ന വേദനയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള. അത് മനസിനെ വല്ലാതെ വേദനിപ്പിച്ചു. ആ വേദനയില്‍ എഴുതിയ പാട്ടാണത്.' ജി.പി. കുഞ്ഞബ്ദുള്ള പറഞ്ഞു. ഖത്തറില്‍ ബിസിനസുകാരനായ കുഞ്ഞബ്ദുള്ള ജോലിത്തിരക്കിനിടയിലാണ് പാട്ടെഴുതിയത്. പ്രചാരപ്രശസ്തമായ അയ്യപ്പഭക്തിഗാനം 'സ്വാമിയേ അയ്യപ്പോ' ഈണത്തിലുള്ള ഈ പാട്ട് യുട്യൂബില്‍ രണ്ട് ദശലക്ഷം പേര്‍ കേട്ടു.
ഡാനിഷ് മലപ്പുറമാണ് ഗാനം ആലപിച്ചത്. വീഡിയോ ചിത്രീകരണം സിഎംഎസ് മീഡിയയും സുബൈര്‍ പന്തല്ലൂര്‍ നിര്‍മാണവും നിര്‍വഹിച്ചു. സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡായ ഗാനം ലോക്സഭയുടെ പ്രവേശന കവാടത്തില്‍ കേരളത്തിലെ എംപിമാര്‍ പാടിയതോടെ ഏറെ ഹിറ്റായിരുന്നു.