ഒളിവ് ജീവിതത്തിന് വിരാമമിട്ടുകൊണ്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വോട്ട് ചെയ്യാനെത്തിയതോടെ, കോഴിയുടെ ചിത്രം അദ്ദേഹം വന്ന കാറില്‍ പതിപ്പിച്ച് പ്രതിഷേധക്കാര്‍. സത്യം ജയിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്. മാധ്യമങ്ങള്‍ വളഞ്ഞതോടെ ഇതെന്താണ്, നിങ്ങള്‍ മാന്യമായി മൈക്ക് നീട്ടൂ, സമരം ചെയ്യുക അല്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.
രാഹൂലിനെ കൂക്കിവിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. എംഎല്‍എ ബോര്‍ഡ് വെച്ച വാഹനത്തില്‍ തന്നെയാണ് രാഹുല്‍ എത്തിയത്. കുന്നത്തൂര്‍ മേട് ബൂത്തിലെത്തിയാണ് എംഎല്‍എ വോട്ട് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ 15 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
ഇത്രയും ദിവസം പൊലീസ് കിണഞ്ഞ് പരിശ്രമിച്ചിട്ടും എംഎല്‍എയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. 2 ബലാത്സംഗ കേസിലെ പ്രതിയായ രാഹുല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് എത്തിയത്.