ഇന്ന് ഡൽഹിയിൽ വെച്ച് നൽകുന്ന 'വീർ സവർക്കർ പുരസ്‌കാരത്തിന്' തന്നെ തിരഞ്ഞെടുത്ത വിവരം മാധ്യമ വാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി കേരളത്തിൽ എത്തിയപ്പോഴാണ് ഇന്നലെ താൻ ഈ പ്രഖ്യാപനത്തെക്കുറിച്ച് തന്നെ അറിഞ്ഞതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തരൂരിന് അവാര്‍ഡ് നല്‍കാനിരുന്നത് രാജ്നാഥ് സിങ്ങായിരുന്നു.
കോൺഗ്രസ് രക്തം തരൂരിന്റെ സിരകളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവാർഡ് നിരസിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി തരൂർ പോസ്റ്റിട്ടത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താൻ വ്യക്തമാക്കിയതാണെന്നും തരൂർ കുറിച്ചു.
എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാൻ അന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇന്നും ഡൽഹിയിൽ ചില മാധ്യമങ്ങൾ ഇതേ ചോദ്യം ആവർത്തിക്കുകയാണ്. അതിനാൽ, ഇക്കാര്യത്തിൽ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാൻ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നൽകുന്ന സംഘടന, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല. - അദ്ദേഹം വ്യക്തമാക്കി.