കൂത്തുപറമ്പ് നീർവേലിയിൽ ചക്കയിടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അമൽ പ്രമോദ് (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതേ കാലിനാണ് അപകടം. ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ അബദ്ധത്തിൽ ലൈനിൽ തട്ടി ഷോക്കടിക്കുകയായിരുന്നു.
ഉടൻ തന്നെ ലൈൻ ഓഫ് ചെയ്തു നാട്ടുകാർ അമലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന അമൽ പിറന്നാൾ ആഘോഷത്തിനായി നീർവേലി എൽപി സ്കൂളിൽ സമീപത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ബാംഗ്ലൂരിൽ വ്യാപാരിയായ, എരഞ്ഞോളി വാടിയിൽ പീടിക പൊറേരി വീട്ടിൽ (കമലം) പ്രമോദിന്റെയും നിഷയുടെയും മകനാണ്.