പച്ചക്കറി വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി താരമാണ് മുരിങ്ങക്ക. കിലോയ്ക്ക് വില 400 രൂപ വരെയെത്തി. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാര്‍ കൂടിയതും അയല്‍ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയുമാണ് പച്ചക്കറി വിലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കിയത്.
അല്പം രുചി കുറഞ്ഞാലും മുരിങ്ങക്കായെ തത്കാലത്തേക്ക് മാറ്റിനിര്‍ത്തുകയാണ് പലരും അതിന് കാരണം അതിവേഗമുണ്ടായ മുരിങ്ങക്കായയുടെ വിലക്കയറ്റമാണ്. ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 130 രൂപയില്‍ നിന്ന മുരിങ്ങയ്ക്കയാണ് 400 രൂപ വരെയെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയം മുരിങ്ങക്കായുടെ വില വന്‍തോതില്‍ കത്തിക്കയറിയിരുന്നു.
മണ്ഡലകാലത്തിനൊപ്പം അയല്‍സംസ്ഥാനങ്ങളിലെ കനത്ത മഴയും വെള്ളക്കെട്ടുമെല്ലാം പച്ചക്കറി വില ഉയരാന്‍ കാരണമായി. കാപ്സിക്കത്തിന് കിലോയ്ക്ക് 90 രൂപയായി. 40–50 രൂപ വിലയുണ്ടായിരുന്ന കോവയ്ക്കയ്ക്ക് വില 80 രൂപയും 60 രൂപയായിരുന്ന ചെറിയ ഉള്ളി 80 രൂപയുമായി. ഇതെല്ലാം മൊത്ത വിപണിയിലെ വിലയാണ്. ചില്ലറ വിപണിയിലെത്തുമ്പോള്‍ കുറഞ്ഞത് 20 രൂപയെങ്കിലും കൂടും.