TOPICS COVERED

കോഴിക്കോട് കാരശേരി സഹകരണബാങ്ക് സിപിഎമ്മിന് കൈമാറാന്‍ നീക്കം നടത്തിയതിലൂടെ കെപിസിസി അംഗവും ബാങ്ക് ചെയര്‍മാനുമായ എന്‍കെ അബ്ദുറഹ്മാന്‍ പാര്‍ട്ടിയെ ചതിച്ചുവെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍. എന്‍കെ. അബ്ദുറഹ്മാനെതിരെ കെപിസിസി നടപടി എടുക്കും. ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടുന്നത്. 

ചേവായൂര്‍ ബാങ്ക് പിടിച്ചെടുത്തത് പോലെ കാരശേരി ബാങ്കും കൈപ്പിടിയിലൊതുക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന പ്രാദേശിക നേതൃത്വത്തിന്‍റെ വാദം ഡിസിസിക്കും അന്വേഷണത്തില്‍ ബോധ്യമായി. കെപിസിസി അംഗവും ബാങ്ക് ചെയര്‍മാനുമായ എന്‍ കെ അബ്ദുറഹ്മാന്‍ ഇതിനായി ഗൂ‍ഡാലോചന നടത്തി. ഇത് പാര്‍ട്ടിയോടുള്ള ചതിയാണെന്ന് ചൂണ്ടിക്കാട്ടി ഡിസിസി, കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കി. 

ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 66 കോടി രൂപ വരുമാനമുള്ള ബാങ്കിന്‍റെ ചിലവ് 77 കോടി രൂപയാണ്. ചിലവ് കര്‍ശനമായി നിയന്ത്രിക്കണമെന്ന നിര്‍ദേശം കാറ്റില്‍പറത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെ പലര്‍ക്കും വന്‍തുക വായ്പ നല്‍കി. പലതും തിരിച്ചടവ് മുടങ്ങിയെങ്കിലും പണം തിരിച്ചുപിടിക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ഭരണസമിതിയുടെ അനുമതിയില്ലാതെ എണ്ണൂറിലധികം അംഗങ്ങളെ ചേര്‍ത്തതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ ആഴ്ച്ച തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കോടതിയുടെ ഇടപെടലിലൂടെ ബാങ്ക് കൈമാറ്റ നീക്കം പൊളിക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് കോണ്‍ഗ്രസ്. 

ENGLISH SUMMARY:

Karassery Cooperative Bank scam involves alleged betrayal by a Congress leader. The DCC has reported to the KPCC regarding the alleged conspiracy and irregularities found in the bank's audit report, including a significant revenue deficit and questionable loan practices.