rahul-dyfi

TOPICS COVERED

ലൈംഗികാതിക്രമപരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യഹർജി പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് ചെയ്യുന്നതിന് കോടതി ഒരു തടസ്സവും ഇതുവരെ ഉന്നയിച്ചിട്ടില്ല. എവിടെയാണെന്നതിനെക്കുറിച്ചും ‌വിവരമില്ല. പൊലീസ് തിരയുന്നതിനിടയിലും രാഹുൽ വെള്ളിയാഴ്ച തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് ജാമ്യഹർജിയിൽ ഒപ്പിട്ടതെന്നാണ് വിവരം.

ഇതിനിടെ രാഹുലിന്‍റെ ചിത്രം പതിപ്പിച്ച പോസ്റ്ററുമായി എസ്എഫ്ഐ പ്രചാരണം തുടങ്ങി. കോഴിക്കൂട്ടിലടക്കം കോഴിക്കൊപ്പം രാഹുലിന്‍റെ ചിത്രം കൊണ്ട് വച്ചാണ് എസ്എഫ്ഐ പ്രചാരണം. ‘പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്യുക’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് ടൗണിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയായിരുന്നു പ്രതിഷേധം. മകനെ മടങ്ങി വരൂ, എന്ന തലക്കെട്ടോടെയും കുറുപ്പ് സിനിമയിലെ രംഗങ്ങളിലും ട്രോള്‍ പൂരമാണ്.

അതേ സമയം വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ രാഹുലിന്റെ വിഷയത്തിൽ പാർട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ വിഷയത്തിൽ പാർട്ടി നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ അത് നിയമപരമായ കാര്യമാണെന്നും അത് നിയമപരമായി തന്നെ മുന്നോട്ടു പോകട്ടെ എന്നും ഷാഫി പറഞ്ഞു. നിയമപരമായ കാര്യങ്ങളിൽ തടസ്സം നിൽക്കാൻ കോൺഗ്രസ് പാർട്ടിയിലെ ആരും ശ്രമിക്കില്ലെന്നും ഷാഫി ഹോർത്തൂസിലെ ‘നിലപാടുതറ’ വേദിയിൽ പറഞ്ഞു.

ENGLISH SUMMARY:

Rahul Mamkootathil faces an anticipatory bail hearing following a sexual assault complaint. The case involves SFI protests and statements from Shafi Parambil regarding the Congress party's stance on the matter, emphasizing that the legal process should proceed without interference.