അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതിയെ ഒളിവില്‍കഴിയാന്‍ സഹായിച്ചവരെ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം. പതിനാല് വര്‍ഷം ഒളിവില്‍ കഴിയാന്‍ പിഎഫ്ഐ നേതാക്കളുടെ സഹായം ലഭിച്ചുവെന്ന ഒന്നാംപ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎയുടെ നീക്കം.
കേസില്‍ സവാദിനെതിരെയുള്ള കുറ്റപത്രവും സമര്‍പ്പിച്ച് കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് എന്‍ഐഎയുടെ നിര്‍ണായക നീക്കം. 2010 ജൂലൈ നാലിനാണ് ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈ സവാദിന്‍റെ നേതൃത്വത്തില്‍ വെട്ടിയത്. കുറ്റകൃത്യം നടന്ന് പതിനാല് വര്‍ഷത്തിന് ശേഷം കണ്ണൂരില്‍ നിന്നാണ് മുഖ്യപ്രതി സവാദ് എന്‍ഐഎയുടെ പിടിയിലായത്. ഷാജഹാനെന്ന പേരില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ സവാദിനെ കുടുക്കിയത് എന്‍ഐഎ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലായത്.
കേസില്‍ രണ്ട് ഘട്ടങ്ങളിലായി പത്തൊന്‍പതു പേരെ ശിക്ഷിച്ചു. സംഭവം നടന്ന് പതിനഞ്ച് വര്‍ഷം പിന്നിടുമ്പോളും കേസിന്‍റെ ഗൂഡാലോചനയിലടക്കം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ. സവാദിന്‍റെ നിര്‍ണായകമായ മൊഴിയാണ് ഇതിന് പ്രേരണ. തമിഴ്നാട്ടിലെ ഡിണ്ടിഗലിലും കണ്ണൂരിലെ ചാക്കാടും മട്ടന്നുരൂമാണ് സവാദ് പതിനാല് വര്‍ഷം ഒളിവില്‍ കഴിഞ്ഞത്. ഇവിടെ വിവിധ ജോലികള്‍ തരപ്പെടുത്തി തന്നതും ഒളിയിടങ്ങള്‍ ഒരുക്കിയതും പിഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണെന്നാണ് സവാദിന്‍റെ മൊഴി.
202ലാണ് സവാദ് കണ്ണൂരിലെത്തുന്നത്. ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയ ഷാഫറിനെ എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. സമാനമായി ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ഇത് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി സമീപിച്ചു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കൊച്ചിയിലെ എന്‍ഐഎ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.