ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച സമയത്ത് പ്രവര്‍ത്തകര്‍ സമ്മര്‍ദത്തിലാക്കിയെന്നും നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നുമാണ് ആനന്ദിന്‍റെ കുറിപ്പിലുള്ളത്. സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചശേഷമായിരുന്നു ആത്മഹത്യ. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന്‍റെ താല്‍പര്യം ആര്‍എസ്എസ് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പക്ഷേ മണ്ണു മാഫിയ സംഘം ആര്‍എസ്എസ്–ബിജെപി തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റിയില്ലെന്നും ആനന്ദ് പറയുന്നു. ''വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ്– ബിജെപി പ്രവർത്തകരില്‍ നിന്നുണ്ടായ മാനസികമായ സമ്മർദ്ദം താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണ്. അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണ് ചിലപ്പോൾ അത് എൻറെ സ്വഭാവത്തിന്റെ കുഴപ്പമായിരിക്കും'', എന്നും കുറിപ്പിലുണ്ട്.
ഈ സാഹചര്യത്തിൽ നാടിനും വീടിനും വേണ്ടാത്തൊരു വ്യക്തിയായി ജീവിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. മരണാനന്തര ചടങ്ങുകൾക്ക് വേണ്ടിയുള്ള തുക കിടപ്പുമുറിയുടെ മേശയുടെ അകത്തുള്ള ബോക്സിനകത്ത് വച്ചിട്ടുണ്ടെന്നും ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലുണ്ട്. ബിസിനസുകാരനായ ആനന്ദിന് ഒന്നിലധികം സംരംഭങ്ങളുടെ ഇതിലെ വായ്പകളും അത് തീര്‍ക്കാനുള്ള വഴികളെ പറ്റിയും കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
ഭൗതിക ശരീരം ബിജെപി– ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുതെന്നും ആനന്ദ് പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണ്. മരണത്തിന് തൊട്ടുമുന്‍പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. അതു തന്നെയാണ് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചത്. മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാകരുതെന്നും ആനന്ദ് എഴുതി.