Untitled design - 1

തിരുവനന്തപുരത്ത് KSRTC ബസില്‍ യുവതിക്കുനേരെ നടന്നത് കടുത്ത ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചിട്ടും ശ്രദ്ധിക്കാതെ സ്വകാര്യ ഭാ​ഗത്ത് തൊടാൻ അക്രമി ശ്രമിക്കുന്നത് പ്രചരിക്കുന്ന വിഡിയോയിൽ കാണാം. യുവതി തന്നെ പകർത്തിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിയുടെ അടുത്തിരുന്ന അക്രമി ആദ്യം തുടകളില്‍ കൈ വെയ്ക്കുകയും. ശേഷം ബനിയനുള്ളിലൂടെ സ്വകാര്യ ഭാഗത്തേക്ക് കൈ കടത്തുകയുമായിരുന്നു. ഈ സംഭവമത്രയും വിഡിയോയില്‍ പകര്‍ത്തുകയായിരുന്ന യുവതി ഉടനടി കൈ തട്ടിമാറ്റുകയും അക്രമിയുടെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. 

'എന്തോന്ന് കാണിക്കുന്നത്, വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ? എന്ത് വൃത്തികെട്ട പരിപാടിയാണ് കാണിക്കുന്നതെന്നറിയുമോ? ബസിലിരുന്ന് ഇങ്ങനെയാണോ പെരുമാറേണ്ടത്, ഇത്രയും പേര് നോക്കി കൊണ്ടിരിക്കുകയല്ലേ, തനിക്ക് അമ്മയും പെങ്ങന്മാരുമില്ലേ. നാണമുണ്ടോ?' എന്നാണ് യുവതി അക്രമിയോട് പറയുന്നത്. ഈ സമയം  ഒരു കൂസലുമില്ലാതെ പ്രതി അതേ ഇരിപ്പ് തുടർന്നു. 

യുവതിയുടെ ശബ്ദം കേട്ട് കണ്ടക്ടര്‍ വന്നപ്പോള്‍ മാത്രമാണ് അയാള്‍ സീറ്റില്‍ നിന്ന എഴുന്നേല്‍ക്കുന്നതും മാറുന്നതും. ഇയാളെ ഇറക്കിവിട്ടോ ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടോ എന്ന് യുവതി പറഞ്ഞതോടെ കണ്ടക്ടര്‍ ഇയാളെ ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ഇയാളുടെ മുഖം സഹിതം വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നും യുവതി മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാല്‍ അതേ സമയം ബസിലുണ്ടായിരുന്ന ആരും പ്രതികരിക്കാന്‍ തയ്യാറായില്ല.

പെണ്‍കുട്ടിക്ക് പരാതി ഇല്ലാത്തതിനാലാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കാട്ടാക്കട പൊലീസില്‍ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം – വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

ENGLISH SUMMARY:

KSRTC bus harassment involved a woman who faced sexual assault in a KSRTC bus in Thiruvananthapuram. The video, captured by the woman, shows the assailant's actions and her strong reaction, highlighting the lack of response from other passengers.