ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ യൂബറും ഒലയും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍. ഓണ്‍ലൈന്‍ ടാക്സി സേവന കമ്പനികളില്‍ ഊബറും ഒലയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഒരു കമ്പനി മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
''ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ലൈസന്‍സ് ഫീയുണ്ട്. അത് അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ പരിരക്ഷ കിട്ടും. അല്ലാതെ ഇപ്പോഴത്തെ യൂബറില്‍ കള്ളത്തരമുണ്ട്. അതിന് നിയമപരമായി സാധുത വരണമെങ്കില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പെര്‍മിഷന്‍ വാങ്ങണം'' എന്നാണ് മന്ത്രി പറഞ്ഞത്.
''കേന്ദ്ര നിയമമാണ്. അവര്‍ ചെയ്യാതിരിക്കുന്നിടത്തോളം നിയമവിരുദ്ധതയുണ്ട്. ഒരു കമ്പനി മാത്രമെ അപേക്ഷ നല്‍കിയിട്ടുള്ളൂ. അപേക്ഷ അംഗീകരിച്ചാല്‍ മാത്രമെ ഓടാന്‍ പാടുള്ളു. പക്ഷേ ഗുണ്ടായിസം പാടില്ല. ഫീസ് അടച്ചതിന് ശേഷം അവര്‍ക്ക് ഓടാം. അവര്‍ അപേക്ഷിക്കണം അല്ലെങ്കില്‍ തടയപ്പെടും, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ യൂബര്‍ ഡ്രൈവറാകില്ല. വണ്ടികളുടെ ഇന്‍ഷൂറന്‍സ്, ടാക്സ്, രജിസ്ട്രേഷന്‍ എല്ലാം അപ്‍ലോഡ് ചെയ്യണം'' എന്നും മന്ത്രി പറഞ്ഞു.
മുംബൈ സ്വദേശിയായ വിനോദ സഞ്ചാരിക്ക് നേരെയുണ്ടായ അതിക്രമത്തെ പറ്റി സംസാരിക്കുന്നതിനിടെയാണ് ഗണേഷ്കുമാര്‍ ഇക്കാര്യം പറഞ്ഞത്. വിനോദ സഞ്ചാരികൾക്ക് ഓൺലൈൻ ടാക്സി ഡ്രൈവർമാർ കുറഞ്ഞ നിരക്കിൽ വാഹന സൗകര്യം നൽകുന്നുവെന്ന് ആരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കൽ ടാക്സി ഡ്രൈവർമാരുമായി സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. പ്രദേശത്തേക്ക് മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന ഓൺലൈൻ ടാക്സിക്കാരെ ലോക്കൽ ടാക്സിക്കാർ മർദിക്കുന്നത് പതിവാണ്. ഇക്കഴിഞ്ഞ ജൂണിൽ ഓൺലൈൻ ടാക്സി വാഹനം തല്ലിത്തകർത്ത് ഡ്രൈവറെ മർദിച്ചു പരുക്കേൽപ്പിച്ചിരുന്നു. മാസങ്ങൾക്കിടെ അഞ്ചോളം ഓൺലൈൻ ടാക്സി ഡ്രൈവർമാരാണ് ആക്രമണത്തിന് ഇരയായത്.