ആന്‍റി റിട്രോവൈറല്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ റജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടുന്നുവര്‍ക്കും എച്ച്ഐവി ബാധിതര്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്ന 1000 രൂപയാണ് മുടങ്ങിയത്. സഹായധനത്തിനായി അപേക്ഷിച്ച ഇരുപതിനായിരത്തോളം പേര്‍ ഇതോടെ ബുദ്ധിമുട്ടിലായി.
2012 മുതലാണ് എച്ചഐവി ബാധിതര്‍ക്ക് ചികിത്സയ്ക്ക് എത്താനായുള്ള യാത്രബത്ത സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് തുടങ്ങിയത്. എന്നാല്‍ രോഗബാധിതര്‍ക്ക് സഹായധനം അവസാനമായി ലഭിച്ചത് 2023 ലാണ്. ഓരോ സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ നിന്നാണ് തുക വിതരണം ചെയ്തിരുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടായിരത്തോളം രോഗികളുണ്ടെന്നാണ് കണക്ക്. മറ്റുവരുമാനമാര്‍ഗമില്ലാത്ത രോഗികള്‍ക്ക് ഈ തുക ആശ്വാസമായിരുന്നു.
കോഴിക്കോട്, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് രോഗികള്‍ കൂടുതലും. യാത്രബത്ത മുടങ്ങുന്നതിനാല്‍ പല രോഗികള്‍ക്കും ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ്.