മഴ പെയ്യുമ്പോൾ ഒരു മാസം മുൻപ് ടാർ ചെയ്ത റോഡ് പൊളിഞ്ഞു തുടങ്ങിയെന്ന് പലപ്പോഴായി വാര്‍ത്തകളില്‍ കാണാറുണ്ട്. എന്നാൽ ടാർ ചെയ്ത ഉടനെ റോഡ് പപ്പടം പോലെ പൊടിഞ്ഞാലോ? കൊല്ലത്താണ് സംഭവം. അജ്മൽ എന്ന വ്ലോഗറാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
‘50 ലക്ഷം രൂപയുടെ റോഡ്, ആകെ 900 മീറ്റര്‍, 49 ലക്ഷം മുക്കി, ഈ റോഡ് നോക്കിക്കെ, പപ്പടം പോലെ പൊളിയുകയാണ്, ടാർ എന്നത് ഇതിൽ ഇട്ടിട്ടുപോലും ഇല്ലാ’, സൈബറിടത്ത് വൈറലാകുന്ന ഒരു വിഡിയോയിലെ സംഭാഷണം തുടങ്ങുന്നത് ഇങ്ങനെയാണ്.
നാട്ടുകാർ ചേർന്ന് റോഡ് ഇളക്കിയെടുക്കുന്നതും വിഡിയോയിൽ കാണാം. ‘അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിന്റെ അനന്തര ഫലം. ഊറ്റം കൊണ്ടവർ മറുപടി പറയണം. കുഴി മെറ്റൽ വിരിച്ച് കിഴക്കിടത്തു മുക്ക് മുതൽ കോട്ടക്കകത്തു മുക്ക് വരെ ടാർചെയ്ത് പരിഹാരം കാണണം, ഉദ്യോഗസ്ഥരും, അധികാരികളും കൈക്കൂലി വാങ്ങി, എല്ലാം കള്ളൻമാരാ’, ഇങ്ങനെ പോകുന്നു കമന്റുകൾ.