ഒരു തീയതി വെച്ച് പ്രഖ്യാപിക്കാൻ കഴിയുന്നതാണോ അതിദാരിദ്ര്യ മുക്തിയെന്ന ചോദ്യവുമായി കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായര്‍. നിലവിൽ ഒരു ദരിദ്രകുടുംബത്തിൽ ഭാര്യ നിത്യരോഗിയാണെന്നും ഭർത്താവ് ജോലി ചെയ്ത് വരുമാനം കൊണ്ടുവരുന്ന ആളാണെന്നും കരുതുക. അവർ ജീവിക്കുന്നത് ഒരു വാടക ഷെഡ്ഡിലാണ് എന്നുമിരിക്കട്ടെ. പെട്ടെന്ന്, ഭർത്താവിന് സ്ട്രോക്ക് വന്ന് സ്ഥിരം കിടപ്പു രോഗിയായി മാറുന്നു എന്ന് കരുതുക. ആ കുടുംബം പോകുന്നത് അതി ദാരിദ്ര്യം എന്ന അവസ്ഥയിലേക്ക് അല്ലേ? ഒരു തീയതിയിൽ നടത്തിയ അതിദാരിദ്ര്യമുക്തി വീണുടയാൻ ഒരു നിമിഷം മതിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതുകൊണ്ട് അതിദാരിദ്ര്യമുക്തി പ്രഖ്യാപനത്തിൽ വിയോജിപ്പുണ്ട്. ദാരിദ്യം പൂർണ്ണമായും തുടച്ചു നീക്കപ്പെടാതെ അതിദാരിദ്യ മുക്തി ഒരിക്കലും സംഭവിക്കുന്നില്ല. അതു തന്നെയാണ് തൻ്റെ പ്രസംഗത്തിൽ മമ്മൂട്ടി പറയാതെ പറഞ്ഞതും. പോസിറ്റീവായി ചിന്തിക്കാനാണ് ഇഷ്ടമെങ്കിലും
നമ്മുടെ അനുഭവങ്ങൾ വച്ച് ഒരു കാര്യം ആശങ്ക ഉണർത്തുന്നു. ഇത്തരത്തിൽ ഏർപ്പെടുത്തപ്പെട്ട എല്ലാ കാര്യങ്ങളും ഈ കുടുംബങ്ങളുടെ കാര്യത്തിൽ എല്ലാക്കാലവും തുടരുമോ?
ഉദാഹരണത്തിന് കുട്ടികൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര, ഗ്യാസ് കണക്ഷൻ, ക്ഷേമപെൻഷൻ ( ക്ഷേമ പെൻഷനുകൾ ദീർഘകാലം മുടങ്ങിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്! ), മരുന്ന് ഉറപ്പാക്കൽ ഇവയൊക്കെ മുടങ്ങാതെ പോകുമോ ? വരുമാനദായക പദ്ധതികൾ എക്കാലവും തുടരുമോ ?– ദീര്‍ഘമായ കുറിപ്പിലൂടെ പ്രശാന്ത് വാസുദേവ് നായര്‍ ചോദിക്കുന്നു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
'അതിദരിദ്രർ' എന്നതിനെ ഒരു പ്രത്യേക
നിർവചനത്തിനുള്ളിൽ നിർത്തി ,
അതിൻറെ അടിസ്ഥാനത്തിൽ,
വാർഡ് തലത്തിലും ജില്ലാതലത്തിലും ഒക്കെ ജനകീയ സമിതികൾ രൂപീകരിച്ച്, ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉപയോഗിച്ച് വളരെ വിപുലമായ ഒരു പ്രക്രിയയിലൂടെ
അതിദരിദ്രരെ കണ്ടെത്തി
അവരുടെ അതിദാരിദ്ര്യമുക്തിയ്ക്കായി
ചിലതൊക്ക ചെയ്ത് സർക്കാർ
അതിദാരിദ്ര്യമുക്തി പ്രഖ്യാപനം നടത്തിയിരിക്കുന്നു.
ഇത്തരത്തിൽ നിസ്സഹായരായ
ഒരു വിഭാഗത്തെ കണ്ടെത്തിയതും
അവർക്ക് വേണ്ട ആശ്വാസം നൽകിയതും
അഭിനന്ദനാർഹം തന്നെ.
എന്നോ തുടങ്ങി എന്നൊക്കെ
പറയുന്നുണ്ടെങ്കിലും ഇക്കാലമത്രയും
ഈ വിഭാഗത്തെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത ബന്ധപ്പെട്ട വകുപ്പുകളും
അവയെ നയിച്ച എല്ലാ സർക്കാരുകളും ആ കുറ്റം ഏറ്റെടുത്ത് മാപ്പ് പറയണം.
അത് സിസ്റ്റം പിഴവാണ്.
അതിദരിദ്രർ എന്ന് സർക്കാർ വിളിക്കുന്ന
ഈ വിഭാഗത്തെ സംബന്ധിച്ച
വ്യക്തിഗത വിശദാംശങ്ങൾ ഒരിക്കലും
സർക്കാർ പൊതു മധ്യത്തിൽ പ്രസിദ്ധപ്പെടുത്താൻ പാടുള്ളതുമല്ല.
അത് അവരുടെ സ്വത്വത്തെ ചോദ്യം
ചെയ്യുന്നതിന് തുല്യമാണ്.
ദരിദ്രനായ മനുഷ്യനു വേണ്ടത്
സർക്കാർ അവനെ ചുറ്റുമുള്ളവരറിയാതെ കണ്ടെത്തി ചുറ്റുമുള്ള സമൂഹമറിയാതെ
അവൻ്റെ ദാരിദ്ര്യം മാറ്റുകയാണ്.
അതാണ് സർക്കാരിൻ്റെ ധർമ്മവും.
ആരാണ് അതിദരിദ്രർ ?
ഈ നിർവചന പ്രകാരം
അതിജീവനത്തിന് വേണ്ട അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം,
സുരക്ഷിത താമസസ്ഥലം,
അടിസ്ഥാന വരുമാനം എന്നിവ
നേടിയെടുക്കാൻ കഴിയാതെ പോകുന്ന, അതിജീവനം തന്നെ പ്രതിസന്ധിയിലായ,
വിഭാഗം ആണ് അതിദരിദ്രർ.
അതിദരിദ്രരെ കണ്ടെത്തിയ മാർഗ്ഗങ്ങളിൽത്തന്നെ
വിരുദ്ധാഭിപ്രായങ്ങളുണ്ട്.
ശ്രീ പ്രശാന്ത് നായർ ഐ.എ.എസ്
എന്നോട് പറഞ്ഞതിങ്ങനെ .
"അതിദരിദ്രർ എന്ന് മനുഷ്യരെ ബ്രാൻഡ് ചെയ്യുന്നതിൽ ഒരു വൃത്തികേടുണ്ട്.
മാത്രമല്ല, അതിന് സ്വീകരിക്കുന്ന രീതികൾ
അവരുടെ dignity നശിപ്പിച്ചു കൊണ്ടുള്ളതാണെങ്കിൽ
അതിന് അർത്ഥവുമില്ല.
ദാരിദ്യം കണ്ടെത്തേണ്ടത്
പൊതു ചർച്ചയിലൂടെയും ഗ്രൂപ്പ് ഡിസ്കഷനിലൂടെയുമല്ല.
അതിന് സെക്കൻ്ററി ഡേറ്റ ലഭ്യമാണ് ,
സർവ്വേ രീതികൾ ഉണ്ട്.
സർവ്വേ അടിസ്ഥാനമാക്കി
റിക്വയർമെൻ്റ് മനസ്സിലാക്കിക്കഴിഞ്ഞാൽ
അനോണിമൈസ് ചെയ്തിട്ട്
അവിടെ പരിഹാരം എത്തിക്കുകയാണ്
വേണ്ടത്.
Demand base ൽ ആണ് അതെടുക്കേണ്ടത്.
അവരാവശ്യപ്പെടുന്നത് കൊടുക്കാൻ സാധിക്കുന്നില്ല എന്നത് സിസ്റ്റം കറക്ഷനിലേയ്ക്കാണ് പോകേണ്ടത്.
ബന്ധപ്പെട്ട വകുപ്പുകളുടെ പരാജയമാണത്.
അല്ലാതെ സ്വിച്ചിട്ട പോലെ ദാരിദ്ര്യം മാറി
എന്നു പറഞ്ഞാൽ നമ്മൾ
മൂഢ സ്വർഗ്ഗത്തിലാണ്. "
ഇനി അതി ദാരിദ്ര്യമുക്തിക്കായി സർക്കാർ
ചെയ്തത് എന്തൊക്കെയാണെന്നു നോക്കാം.
ഒരു ലക്ഷത്തിലധികം വരുന്ന ആദ്യ ലിസ്റ്റിൽ നിന്നും 64006 കുടുംബങ്ങളെ സൂപ്പർ ചെക്കിങ് എന്നോ മറ്റോ പേരുള്ള പ്രക്രിയയിലൂടെ അതിദരിദ്രം എന്നു കണ്ടെത്തി,
അതിൽ കുറേ പേർക്ക് റേഷൻ കാർഡ്,
മറ്റു ചിലർക്ക് വോട്ടർ ഐഡി ,
ഹെൽത്ത് ഇൻഷുറൻസ് കാർഡ്,
തൊഴിൽ കാർഡ്,ഗ്യാസ് കണക്ഷൻ,
ഭിന്നശേഷി കാർഡ് ,
പിന്നെ കുറേ പേർക്ക് ക്ഷേമപെൻഷൻ ,
ആരോഗ്യസഹായം, മരുന്ന് ഉറപ്പാക്കൽ, ചികിത്സ ,ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റൽ,വീട് പുതുക്കിപ്പണിയൽ,
വരുമാനദായക പദ്ധതികൾ,
കുട്ടികൾക്ക് കെഎസ്ആർടിസിയിൽ
സൗജന്യ യാത്ര,വൈദ്യുതി കണക്ഷൻ
എന്നിവ ഏർപ്പെടുത്തി.
പിന്നെയും കുറേ കാര്യങ്ങൾ ഉണ്ട്.
ഇതിൽ വോട്ടർ കാർഡും ആധാറും അതിദാരിദ്ര്യം നീക്കാൻ നേരിട്ട് ഉപയുക്തമല്ല എങ്കിലും അനിവാര്യതകളാണ്.
ഇനി അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഭക്ഷണത്തിന്റെ കാര്യത്തിൽ, പ്രധാനമായും ശ്രദ്ധിക്കേണ്ടത് 5000 ത്തിൽ അധികം പേർക്ക്
റേഷൻ കാർഡ് നൽകിയതാണ്.
അതുകൊണ്ട് ഗുണമുണ്ട്.
പക്ഷേ,ആഹാരം കണ്ടെത്താൻ കഴിയാതിരുന്ന
ഇരുപതിനായിരത്തിലധികം കുടുംബങ്ങളിൽ പതിനായിരക്കണക്കിന് പേർക്ക് ഭക്ഷ്യകിറ്റ് നൽകി എന്നതും കുറെ പേർക്ക് പാചകം ചെയ്ത ഭക്ഷണം എത്തിച്ചു നൽകി എന്നതും
താൽക്കാലികമായ ആശ്വാസം എന്നല്ലാതെ
എങ്ങനെയാണ് സ്ഥിരമായ ഒരു അതിദാരിദ്ര്യമുക്തിയ്ക്ക് സഹായകരം
എന്ന് വ്യക്തമല്ല.
ഈ പ്രക്രിയയിൽ പങ്കാളിയായ ആരെങ്കിലും വിശ്വസനീയമായ ഒരു വിശദീകരണം ഇതിന് തരട്ടെ.
ഈ കുടുംബങ്ങൾ സ്ഥിരമായി ആഹാരം കണ്ടെത്താൻ കഴിയാത്തവരോ ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവരോ ആണ്.
അവരുടെ കാര്യത്തിൽ ഈ പ്രക്രിയ
സർക്കാർ എക്കാലവും തുടരുമോ എന്ന
ചോദ്യം പ്രസക്തമാണ്.
എങ്കിലല്ലേ അതിദാരിദ്ര്യം വീണ്ടും
തിരികെ വരാതിരിക്കുകയുള്ളൂ?
അപ്പോൾ അതിദാരിദ്ര്യമുക്തി പ്രഖ്യാപനം നടത്തി അതുറപ്പാക്കി എന്ന് പറയുമ്പോൾ
തീർച്ചയായും സർക്കാർ അത് തുടരുന്നുണ്ടാകണം എന്ന് കരുതാം.
പക്ഷേ , അതിദരിദ്രർ ഇനി ഉണ്ടാകില്ല എന്ന് നമുക്ക് ഉറപ്പുണ്ടോ?
അപ്പോൾ ഒരു തീയതി വെച്ച് പ്രഖ്യാപിക്കാൻ കഴിയുന്നതാണോ അതിദാരിദ്ര്യ മുക്തി ?
നിലവിൽ ഒരു ദരിദ്രകുടുംബത്തിൽ ഭാര്യ നിത്യരോഗിയാണെന്നും ഭർത്താവ് ജോലി
ചെയ്ത് വരുമാനം കൊണ്ടുവരുന്ന
ആളാണെന്നും കരുതുക.
അവർ ജീവിക്കുന്നത് ഒരു വാടക ഷെഡ്ഡിലാണ്
എന്നുമിരിക്കട്ടെ.
പെട്ടെന്ന്, ഭർത്താവിന് സ്ട്രോക്ക് വന്ന്
സ്ഥിരം കിടപ്പു രോഗിയായി മാറുന്നു എന്ന് കരുതുക.
ആ കുടുംബം പോകുന്നത് അതി ദാരിദ്ര്യം
എന്ന അവസ്ഥയിലേക്ക് അല്ലേ?
ഒരു തീയതിയിൽ നടത്തിയ അതിദാരിദ്ര്യമുക്തി
വീണുടയാൻ ഒരു നിമിഷം മതി !
അതുകൊണ്ട് അതിദാരിദ്ര്യമുക്തി പ്രഖ്യാപനത്തിൽ വിയോജിപ്പുണ്ട്.
ദാരിദ്യം പൂർണ്ണമായും തുടച്ചു നീക്കപ്പെടാതെ
അതിദാരിദ്യ മുക്തി ഒരിക്കലും സംഭവിക്കുന്നില്ല.
അതു തന്നെയാണ് തൻ്റെ പ്രസംഗത്തിൽ
മമ്മൂട്ടി പറയാതെ പറഞ്ഞതും.
പോസിറ്റീവായി ചിന്തിക്കാനാണ്
ഇഷ്ടമെങ്കിലും
നമ്മുടെ അനുഭവങ്ങൾ വച്ച്
ഒരു കാര്യം ആശങ്ക ഉണർത്തുന്നു.
ഇത്തരത്തിൽ ഏർപ്പെടുത്തപ്പെട്ട എല്ലാ കാര്യങ്ങളും ഈ കുടുംബങ്ങളുടെ
കാര്യത്തിൽ എല്ലാക്കാലവും തുടരുമോ?
ഉദാഹരണത്തിന് കുട്ടികൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര,ഗ്യാസ് കണക്ഷൻ,ക്ഷേമപെൻഷൻ ( ക്ഷേമ പെൻഷനുകൾ ദീർഘകാലം മുടങ്ങിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്! ), മരുന്ന് ഉറപ്പാക്കൽ ഇവയൊക്കെ മുടങ്ങാതെ പോകുമോ ?
വരുമാനദായക പദ്ധതികൾ എക്കാലവും തുടരുമോ ?
ഇവരുടെ വീടുകൾക്ക് വീണ്ടും
അറ്റകുറ്റപ്പണികൾ വേണ്ടി വരുമ്പോൾ
ഇടയ്ക്ക് വരുമാനം നിലച്ചാൽ സർക്കാർ
അത് ചെയ്തു കൊടുക്കുമോ?
ഇതൊന്നും സാങ്കല്പിക ചോദ്യങ്ങൾ അല്ല.
പല പദ്ധതികളും പൂർത്തിയാക്കി ,
ഉദ്ഘാടനം നടത്തി, പ്രവർത്തനം തുടങ്ങി , മെയിൻറനൻസിന് കാശില്ലാതെ,
മെയിൻറനൻസ് നടത്താതെ തകരുന്ന നൂറുകണക്കിന് ചിത്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നമ്മുടെ മുന്നിലുണ്ട്.
ഒരു അതിദാരിദ്ര്യ മുക്തി പ്രഖ്യാപനം
സർക്കാർ നടത്തുമ്പോൾ,
ഈ എടുത്ത നടപടികൾ,
ഈ കുടുംബങ്ങളുടെ കാര്യത്തിൽ
എക്കാലവും തുടരാൻ കഴിയുമോ
എന്നതാണ് പ്രധാനം.
ഈ പ്രക്രിയക്കായി രൂപം കൊണ്ട
ജനകീയ സമിതികൾ ഈ മോണിറ്ററിംഗ് ഉറപ്പാക്കുമോ?
ജനകീയ സമിതികളിൽ വ്യക്തികൾ മാറി വരുമ്പോൾ, ഭരണ സംവിധാനം മാറുമ്പോൾ
ഇതെല്ലാം അവതാളത്തിലാകുമോ ?
ഈ 64006 കുടുംബങ്ങൾക്ക് മാത്രമായി,
അവർ എന്നും അതി ദാരിദ്ര്യത്തിൽ നിന്ന് മുക്തരാണ് എന്ന് ഉറപ്പാക്കാൻ ,
ഒരു പ്രത്യേക സംവിധാനം സർക്കാർ സൃഷ്ടിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ അടിയന്തരമായി അതിനു രൂപം നൽകുമോ?
സാധാരണക്കാരൻ എന്ന നിലയിൽ
വായിച്ചറിഞ്ഞതിൽ നിന്ന് ഉരുവായ സംശയങ്ങളാണ് ഇവ.
എൻ്റെ ഈ സംശയത്തിന് മറുപടിയായി,
Smt Anupama T V IAS, Special Secretary, LSGD assigned independent charge of LSG(WM) Department
എനിക്ക് തന്ന മറുപടി ശ്രദ്ധിയ്ക്കുക.
"സുസ്ഥിരതയ്ക്കായി ഞങ്ങൾ EPEP 2.0 പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് പ്രധാനമായും ഇനിപ്പറയുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും:
1. 64006 കുടുംബങ്ങളുടെയും ജീവിതം സുസ്ഥിരമാണെന്ന് ഉറപ്പാക്കുക.
2. ശേഷിക്കുന്ന കുടുംബങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കാൻ
ഒരു സുരക്ഷാ വല ഒരുക്കുക.
അതിനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ മോണിറ്ററിംഗ് ഡാഷ്‌ബോർഡിൽ എൻട്രികൾ മുതലായവയ്‌ക്കും വളരെ വേഗം മാറ്റങ്ങൾ വരുത്തും."
കൃത്യമായി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ വളരെ ആശ്വാസകരം തന്നെയാണത് .
പക്ഷേ നമുക്കറിയാം നമ്മുടെ
ബ്യൂറോക്രസിയുടെ കാര്യം.
കേവലം ദന്തഗോപുരവാസികൾ ഈ ലാവണങ്ങളിലെത്തുമ്പോൾ വീണുടയുന്നതാണ്
ഈ ക്രമീകരണങ്ങൾ.
ഇവിടെയും ശ്രീ. പ്രശാന്ത് ഐ.എ. എസ് പറയുന്നത് ശ്രദ്ധിക്കുക.
"ഇതെന്തോ ഒരു sacred number
പോലെയാണ് ഇപ്പോൾ കാണുന്നത്.
ബ്യൂറോക്രസി അതിദരിദ്രർ
എന്ന ഒരു ക്യാറ്റഗറിയുണ്ടാക്കി,
കടലാസിൽ എഴുതിയ ഒരു കണക്കാണിത്.
ദാരിദ്യം അതനുഭവിക്കുന്നവനേ
അറിയാൻ കഴിയൂ.
ടെക്നിക്കലി ഈ അതിദരിദ്രൻ്റെ
മുകളിലുള്ള ഒരാൾക്ക് ഇതിനേക്കാൾ ദാരിദ്ര്യം യഥാർത്ഥത്തിൽ അനുഭവപ്പെടാം.
ഇത് dynamic ആയ ഒരു സങ്കൽപ്പമാണ് ,
അല്ലാതെ static അല്ലല്ലോ.
Irregular income ആണിത്.
ഇന്നയാളുടെ വീട്ടിൽ ഒരു പ്രശ്നമുണ്ടായാൽ
ഇന്നയാൾ ദരിദ്രനാണ്.
ശമ്പളം വാങ്ങി ജീവിക്കുന്ന സർക്കാരുദ്യോഗസ്ഥന് അത് മനസ്സിലാകണമെന്നില്ല."
അതിദരിദ്രർ എന്ന ബ്രാൻഡിംഗിനോടും
അതിദാരിദ്ര്യ മുക്തി എന്ന പ്രഖ്യാപനത്തോടും
യോജിപ്പില്ല എങ്കിലും
ബൃഹത്തായ ഒരു പ്രക്രിയയിലൂടെ കുറച്ചു
പേർക്കായാലും ആശ്വാസം നൽകുന്ന ഒരു
കാര്യം തന്നെയാണ് സർക്കാർ ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളും
അവയെ നിയന്ത്രിച്ച എല്ലാ സർക്കാരുകളും
ഇതുവരെയും പരാജയപ്പെട്ട ഒരു കാര്യം!
ശരിക്കും ശ്രീ.പ്രശാന്ത് പറഞ്ഞതു പോലെ
ഒരു സിസ്റ്റം കറക്ഷൻ.
ആ പ്രക്രിയയിലും അതിൽ സ്വീകരിച്ച നടപടികളിലും സർക്കാർ അഭിനന്ദനം
അർഹിക്കുന്നു.
എന്നാൽ ഇത്തരം ഒരു നല്ല കാര്യം ചെയ്തത്
കേരളത്തെ മൊത്തം അറിയിക്കാൻ
മമ്മൂട്ടിയെത്തന്നെ വിളിച്ച് സെക്രട്ടറിയേറ്റിലെ
ദർബാർ ഹാളിൽ വച്ച് ഒരു ചടങ്ങ് നടത്തിയിരുന്നുവെങ്കിലും അത് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കേരളം മുഴുവൻ എത്തിക്കുമായിരുന്നില്ലേ ?
ആ ഫണ്ടിൽ നിന്നും കോടി മുടക്കി എന്തിനായിരുന്നു ഇങ്ങനെയൊരു മാമാങ്കം
എന്ന പ്രതിപക്ഷം ഉൾപ്പെടെയുള്ളവരുടെ
ചോദ്യം പ്രസക്തം തന്നെ.
ഒരു സദ്പ്രവൃത്തിക്ക് അത്
കളങ്കമായിപ്പോയില്ലേ എന്ന സംശയമുണ്ട്.