തൃശൂർ വടക്കാഞ്ചേരിയിൽ കണ്ണിൽ മുളകുപൊടി എറിഞ്ഞ് തട്ടിയെടുത്ത കാർ ജിപിഎസ് സഹായത്തോടെ കണ്ടെടുത്തു. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. മുണ്ടത്തിക്കോട് സ്വദേശി വിനോദിനാണ് പരുക്കേറ്റത് .
ഇന്നലെ വൈകുന്നേരം 6 മണിയോടുകൂടിയാണ് സിനിമാ സ്റ്റൈൽ ആക്രമണം ഉണ്ടായത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ടാക്സി സ്റ്റാൻഡിൽ നിന്നാണ് മൂന്നംഗ സംഘം ആലുവയ്ക്കെന്ന വ്യാജേന വിനോദിന്റെ വാഹനത്തിൽ കയറിയത്. യാത്രാമധ്യേ വെളപ്പായ ഭാഗത്തുനിന്ന് മദ്യം വാങ്ങി സംഘം വടക്കാഞ്ചേരി തെക്കുംകരയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിച്ചു. തുടർന്ന് വിനോദിന്റെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് ക്രൂരമായി മർദ്ദിച്ചു. ശേഷം കാറുമായി കടന്നു കളഞ്ഞു.
വിനോദിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ജിപിഎസ് സഹായത്തോടെ കുന്നംകുളത്തു നിന്ന് മണിക്കൂറുകൾക്കുള്ളിൽ വാഹനം കണ്ടെടുത്തു. എന്നാൽ പ്രതികൾ കടന്നുകളഞ്ഞു. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു മൂന്നംഗ സംഘത്തിനായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.