കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു വിഡിയോയാണ് കല്യാണ വീട്ടില്‍ ക്യൂആര്‍ കോഡിലൂടെ പണം വാങ്ങുന്ന വിഡിയോ. കല്യാണ വീടിന്‍റെ മുന്നില്‍ നില്‍ക്കുന്നൊരാള്‍ ഷര്‍ട്ടില്‍ പേടിഎമ്മിന്‍റെ ക്യൂആര്‍ കോഡ് ചേര്‍ത്തുവച്ചതും അതിഥികള്‍ ഒരോരുത്തരായി ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അയക്കുന്നതുമാണ് വിഡിയോ.
കല്യാണ വീട്ടില്‍ നിന്നും ആരോ പങ്കുവച്ച ഈ വിഡിയോ പെട്ടന്ന് വൈറലായി. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. കേരളത്തിലെ കല്യാണ വീട്ടില്‍ വധുവിന്‍റെ പിതാവ് ക്യൂആര്‍ കോഡ് വഴി പണം വാങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍. തങ്ങളുടെ ക്യൂആര്‍ കോഡാണ് ഉപയോഗിച്ചതെന്നതിനാല്‍ പേടിഎമ്മിന്‍റെ ഔദ്യോഗിക പേജില്‍ പോലും വിഡിയോ എത്തി.
വിഡിയോ വൈറലായിതിന് പിന്നാലെ വിഷമത്തിലാണ് വിഡിയോയിലുള്ള വ്യക്തി. ആലുവ സ്വദേശി അബ്ദുള്‍ ലത്തീഫാണ് വിഡിയോയില്‍ ക്യൂആര്‍ കോഡുമായി കാണുന്നത്. അദ്ദേഹത്തിന്‍റെ ജേഷ്ഠന്റെ മകന്റെ വിവാഹ ദിവസമായിരുന്നു സംഭവം. റീല്‍സ് ചെയ്യുന്നതിന്റെ ഭാഗമായാണ് ക്യൂ ആര്‍ കോഡ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ പിന്‍ ചെയ്തത്.
ചിലര്‍ ക്യൂആര്‍ സ്‌കാന്‍ ചെയ്ത് 1000 രൂപ വരെ അയച്ചിരുന്നു. ഇതിന്‍റെ വിഡിയോ കൂട്ടത്തിലൊരാള്‍ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. വിവാഹത്തിനെത്തുന്നവരില്‍ നിന്നും ഗൃഹനാഥന്‍ പണം വാങ്ങുന്നുവെന്ന തരത്തില്‍ വിഡിയോ പ്രചരിച്ചതിന്‍റെ മാനസിക വിഷമത്തിലാണ് അബ്ദുള്‍ ലത്തീഫ്.