Untitled design - 1

അതി ദരിദ്രർ ഇല്ലാത്ത കേരളം ഒരു സുപ്രഭാതത്തിൽ കേരളപ്പിറവി ദിനത്തിൽ ആകസ്മികമായി സംഭവിച്ചതല്ലെന്നും, അത് കരുതലുള്ള ഒരു ഭരണാധികാരിയുടെ, ഒരു ഭരണകൂടത്തിന്റെ, കൃത്യമായ  ഇടപെടലാണെന്നും മുരളി തുമ്മാരുകുടി. അനുമോദിക്കപ്പെടേണ്ടതാണ്. ആഘോഷിക്കേണ്ട നേട്ടമാണ്. മലയാളിയെന്നതിൽ വീണ്ടും അഭിമാനിക്കുന്ന നിമിഷമാണ്.– അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അതി ദാരിദ്ര്യം തുടച്ചു മാറ്റപ്പെടുമ്പോൾ,  "അരിയെവിടെ തുണിയെവിടെ പറയൂ പറയൂ സർക്കാരേ" എന്റെ ചെറുപ്പകാലത്ത് പോലും മതിലുകളിൽ ഉണ്ടായിരുന്ന മുദ്രാവാക്യമാണ് ഇത്.ഐക്യകേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ ഏറ്റവും പുറകിൽ നിന്നിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം.

അരിക്കും തുണിക്കും ക്ഷാമം ഉണ്ടായിരുന്ന കേരളം. മൂന്നു നേരം പോയിട്ട് രണ്ടു നേരം പോലും ഭൂരിപക്ഷം പേർക്ക് വയർ നിറച്ചു ഭക്ഷണം കഴിക്കാനില്ലാതിരുന്ന കേരളം. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ആളുകൾ ഉണ്ടായിരുന്ന കേരളം.

ആ കാലം മാറി. ഇപ്പോൾ അത് നേരെ തിരിച്ചായി. ആളോഹരി വരുമാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മുൻ നിരയിൽ ആയി.അതുകൊണ്ട് തന്നെ ഇന്ന് അരിക്കും തുണിക്കും വേണ്ടി കഷ്ടപ്പെടുന്ന കേരളം ചരിത്രമാണ്.

ഇതൊന്നും തന്നെ ഉണ്ടായതല്ല. അതിന്റെ കാരണങ്ങൾ എണ്ണിപ്പറയുകയല്ല ഇന്നത്തെ പോസ്റ്റിന്റെ ലക്ഷ്യം. ആളോഹരി വരുമാനത്തിൽ നമ്മൾ ഏറെ മുന്നോട്ടു പോകുമ്പോൾ നമ്മുടെ വികസന പാതയിൽ പുതിയ വെല്ലുവിളികൾ ആണ്. ആയുർദൈർഖ്യം കൂടുന്ന ഒരു തലമുറയെ കൈകാര്യം ചെയ്യേണ്ട വിഷയം.

അമിതഭക്ഷണവും വേണ്ടത്ര വ്യായാമം ഇല്ലാത്തതും മൂലമുണ്ടാകുന്ന പൊണ്ണത്തടിയും ജീവിത ശൈലീരോഗങ്ങളും ഉണ്ടാക്കുന്ന വിഷയങ്ങൾ. നമ്മുടെ ചുറ്റിലും ലഭ്യമായ തൊഴിലുകൾ നമ്മുടെ പുതിയ തലമുറയുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ഉയരാത്തതിന്റെ വിഷയങ്ങൾ. 

ഉയർന്ന വരുമാനം ഉണ്ടാക്കുന്ന ഉപഭോഗം സൃഷ്ടിക്കുന്ന പരിസ്ഥിതി പാദമുദ്ര. കൃഷി കുറയുകയും നഗരവൽകരണം കൂടുകയും ചെയ്യുന്നത് ഉണ്ടാക്കുന്ന വിഷയങ്ങൾ . കേരളം വിവിധ സൂചികകളിൽ ഇന്ത്യയിലെ നമ്പർ വൺ ആവുകയും സമൂഹം പൊതുവേ സമ്പന്നമാവുകയും ചെയ്യുമ്പോൾ ഭരിക്കുന്ന ഭരണകൂടത്തിന് ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കാനായിരിക്കും താല്പര്യം. ജനാധിപത്യത്തിന്റെ കണക്കു കൂട്ടലും അത്തരത്തിൽ ആണ് ഇൻസെന്റീവ് നൽകുന്നത്.

അതുകൊണ്ടാണ് നവംബർ ഒന്നാം തിയതി കേരളം അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഞാൻ ഏറെ സന്തോഷിക്കുന്നത്.  സംസ്ഥാനം പൊതുവെ സമ്പന്നമായപ്പോഴും തങ്ങളുടേതായ കാരണങ്ങളാൽ അല്ലാതെ അതി ദാരിദ്ര്യത്തിൽ പെട്ട ഒരു ചെറിയ ശതമാനം ആളുകൾ നമ്മുടെ ചുറ്റും ഉണ്ടായിരുന്നു. നമ്മൾ മിക്കവരും അവരുടെ സാന്നിധ്യം ശ്രദ്ധിച്ചിട്ടുകൂടിയില്ല.

പക്ഷെ ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ഇക്കാര്യത്തിൽ കാണിച്ച കരുതൽ എടുത്തു പറയേണ്ടതാണ്.  അതി ദാരിദ്ര്യത്തിൽ ഉള്ളവർ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആയിട്ടു പോലും തിരഞ്ഞെടുപ്പുകളുടെ കണക്കുകൂട്ടലുകളിൽ പ്രസക്തമല്ലാത്ത  ഒരു വോട്ട് ബാങ്ക് അല്ലാതിരുന്നിട്ടും അരിയെവിടെ തുണിയെവിടെ എന്ന മുദ്രാവാക്യം മതിലുകളിൽ നിന്നും അപ്രത്യക്ഷമായിട്ടും അതി ദരിദ്രരെ സർക്കാർ മറന്നില്ല. 

അതി ദരിദ്രരെ കണ്ടെത്തി അവരെ അതിൽ നിന്നും മോചിപ്പിക്കാനുള്ള കൃത്യമായ പ്ലാനിങ്ങോടെ ഉള്ള ഒരു "whole of government" രീതിയാണ് സർക്കാർ നടപ്പിലാക്കിയത്. ഇതിനെപ്പറ്റി Jayaprakash Bhaskaran വളരെ വിശദമായ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്, വായിച്ചിരിക്കേണ്ടതാണ്.

ENGLISH SUMMARY:

Kerala poverty eradication is a remarkable achievement, showcasing the government's dedicated efforts. The state's focus on eliminating extreme poverty reflects a commitment to inclusive growth and social welfare.