വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ അമല്‍ സൂരജാണ് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാറിന്‍റെ ചക്രങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന് മനസിലായത്.
ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഡോക്ടര്‍ അമല്‍ യാത്ര ചെയ്തതെന്നാണ് പൊലീസിന്‍റെ സംശയം. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടമുണ്ടായ ഭാഗത്ത് കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലായിരുന്നുവെന്നും ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാര്‍ പറയുന്നു.