സ്റ്റേറ്റ് ലെവൽ ബോക്സിങ് ചാംപ്യനായി എന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ രംഗത്തെത്തിയിരുന്നു. വിഡിയോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ ബോക്സിങ്ങിൽ മണവാളന്റെ എതിരാളിയായി വന്നയാളുടെ പ്രതികരണമെന്ന രീതിയിൽ പ്രചരിക്കുന്ന ഓഡിയോ ആണ് വൈറൽ. താൻ വെറുതെ ബോക്സിങ് റിങ്ങിൽ പോയതാണെന്നും അവിടെ ചെന്നപ്പോഴാണ് ഇതിനെ പറ്റി അറിയുന്നതെന്നും ഒരിക്കലും അതൊരു സ്റ്റേറ്റ് ലെവൽ ബോക്സിങ് അല്ലെന്നും പറയുന്നു. വിഡിയോ എടുത്ത് പ്രചരിപ്പിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാൾ പറയുന്നു.
നിലവിൽ സൈബറിടത്ത് മണവാളന് ട്രോൾ പൂരമാണ്. എന്തിനാടാ ഇങ്ങനെ ആളുകളെ പറ്റിച്ച് ജീവിക്കുന്നത്, ഏതോ ബംഗാളിയെ 500 രൂപയും ചായയും വാങ്ങികൊടുത്ത് വിളിച്ചത് പോലെ, പറ്റിക്കലാണ് മെയിൻ അല്ലെ , തുടങ്ങി കമൻറ് പൂരമാണ്. എന്നാൽ താൻ സ്റ്റേറ്റ് ലെവൽ ബോക്സിങ് ചാംപ്യനാണെന്നും സ്വർണമെഡലാണ് തനിക്ക് കിട്ടിയെന്നും മണവാളൻ പറയുന്നു.
നേരത്തെ കേരളവർമ കോളേജിലെ വിദ്യാർഥികളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ റിമാൻഡിലായിരുന്നു. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിൽ കേരളവർമകോളേജിലെ വിദ്യാർഥികളെ ഇയാൾ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു എന്നതാണ് കേസ്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.