പ്രകൃതി വരച്ച മായിക ചിത്രം ആസ്വദിക്കാനൊരു ഗാലറിയുണ്ട് തിരുവനന്തപുരത്ത്. പാറശാല മണ്ഡലത്തിലെ അമ്പൂരി കുമ്പിച്ചല്‍കടവിലാണ് ആ ഗാലറി. നെയ്യാര്‍ ഒരുക്കുന്ന 360 ഡിഗ്രി കാഴ്ചകള്‍.
പച്ചനിറത്തിന് ഇത്രയും വകഭേദങ്ങള്‍ ഒരുമിച്ചുകാണാന്‍ ഒരുമെഗാ ഗാലറി. ഇലകളുടെ തളിര്‍പ്പച്ച, വെയില്‍ നിറച്ച കടുംപച്ച, മഴകഴുകിയ തിളക്കപ്പച്ച, നെയ്യാറിന്‍റെ നിലയില്ലാ ആഴപ്പച്ച. മലയിലേക്ക് പടന്നുകയറുന്ന പച്ചത്തുരുത്തുകള്‍ക്ക് അതിരിട്ട് വെണ്‍മേഘച്ചുരുള്‍. മലയില്‍നിന്ന് ആറ്റിലേയ്ക്കിറങ്ങുന്ന പുകമഞ്ഞ്. മലതൊടുന്ന ആകാശത്ത് പവനുരുക്കുന്ന സൂര്യന്‍. അങ്ങനെ പ്രകൃതിയൊരുക്കുന്ന വലിയചിത്രം. നിമിഷ സൂചികകളുടെ ചലനങ്ങള്‍ക്കനുസരിച്ച് ഭാവങ്ങള്‍ മാറുന്ന സജീവ ചിത്രം, ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടെ ഇങ്ങോട്ടൊന്നുവന്നാല്‍ നഷ്ടപ്പെട്ട ഓജസ് വീണ്ടെടുക്കാം. നല്ല ഓക്സിജന്‍ ശ്വസിക്കാം. തിരുവനന്തപുരത്ത് നിന്ന് വണ്ടിവിട്ടോളൂ.
ഉച്ചതിരിഞ്ഞായാല്‍ നന്ന്. സാവധാനം വന്നാല്‍പ്പോലും ഒന്നേകാല്‍ മണിക്കൂറില്‍ ഇവിടെയെത്താം. പാലം അക്കരെയിക്കര തൊട്ടതേയുള്ളൂ. നാടമുറിച്ച് തുറന്നിട്ടില്ല. എങ്കിലും ധാരാളംപേര്‍ പ്രകൃതിചിത്രം അനുഭവിക്കാന്‍ ഇവിടെ വന്നുകൊണ്ടേയിരിക്കുന്നു. സന്തോഷത്തിലേയ്ക്കുള്ള പാലമാകുന്നു ഇത്. സ്വച്ഛശാന്തമായ കാഴ്ചയക്കപ്പുറം അഗസ്ത്യമലയ്ക്കും നെയ്യാറിനും മധ്യേ താമസിക്കുന്ന മനുഷ്യരുടെ ജീവിതവും മാറുകയാണ്.
നിക്ഷിപ്ത വനമേഖലയാതുകൊണ്ടുതന്നെ പാലം പച്ചതൊടാന്‍ ധാരാളം കടമ്പകളുണ്ടായിരുന്നു. സ്ഥലം എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍റെ പരിശ്രമങ്ങളും സര്‍ക്കാര്‍ കുരുക്കുകളഴിക്കാന്‍ സഹായകമായി. നാടിന്‍റെ മുഖഛായ മാറുകയല്ല, പ്രകൃതിയുടെ ഛായാമുഖം വെളിപ്പെടുകയാണ് ഇവിടെ.