najeeb-kanthapuram-help-kid

ഉപജീവനത്തിനായി പെരിന്തൽമണ്ണയിൽ ചായ വില്‍ക്കുന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരന് സഹായ ഹസ്തവുമായി നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽമണ്ണ ടൗണില്‍ രാത്രി വൈകിയും ചായ വില്‍ക്കുന്ന ഉസൈന്‍റെ വിഡിയോ വൈറലായിരുന്നു പിന്നാലെയാണ് എംഎൽഎ നേരിട്ടെത്തി ഉസൈനെ കണ്ടത്. ‘പെരിന്തൽമ്മണ്ണ ബൈപാസിൽ ചായ കച്ചവടം നടത്തിയിരുന്ന ഏഴാം ക്ലാസുകാരനെ തേടിയുള്ള യാത്ര എത്തിച്ചേർന്നത്‌ ഈ വീട്ടിലാണ്‌...’ എന്ന് കുറിച്ച് വിഡിയോ അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.

പെരിന്തൽമണ്ണ ബോയ്സ് സ്കൂളിലെ വിദ്യാർഥിയാണ് ഉസൈന്‍. മൂന്ന് വർഷത്തോളമായി ഉസൈനും കുടുംബവും കേരളത്തിലെത്തിയിട്ട്. എട്ട് മാസം മുമ്പ് ഉപ്പ അപകടത്തിൽ മരിച്ചു. സുഹൃത്തിന്‍റെ സുഖമില്ലാതെ കിടന്ന കുട്ടിയെ കാണാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. പിന്നാലെ കുടുംബത്തിന്‍റെ ചുമതല ഉസൈന്‍റെ ചുമലിലായി. അസുഖ ബാധിതയായ ഉമ്മയ്ക്ക് താങ്ങായി ഇന്ന് ഈ ഏഴാം ക്ലാസുകാരന്‍ മാത്രമേയുള്ളൂ. ഉമ്മയുടെ ചികിത്സയ്ക്കായാണ് താൻ ചായ വിൽക്കാനിറങ്ങിയതെന്നാണ് ഉസൈൻ പറയുന്നത്. രണ്ടു മാസം കൊണ്ടാണ് ഈ മിടുക്കന്‍ മലയാളം പഠിച്ചത്. തിരിച്ചിനി നാട്ടിലേക്ക് പോകാൻ താൽപര്യമില്ലെന്നും ഉസൈന്‍ പറഞ്ഞു.

വീടിന്‍റെ വാതിലില്‍ മുട്ടി ‘ഉസൈനേ...’ എന്ന നജീബ് കാന്തപുരത്തിന്‍റെ വിളിയിലാണ് വിഡിയോ തുടങ്ങുന്നത്. ഞാന്‍ ഇവിടുത്തെ എംഎല്‍എയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘നീ ഭയങ്കര സംഭവം ആണല്ലോ’ എന്നും എംഎല്‍എ പറയുന്നു. ചായ ഉണ്ടാക്കുന്ന ഇടമെല്ലാം ഈ കൊച്ച് മിടുക്കന്‍ എംഎല്‍എയ്ക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ ഒരുപാട് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ഉസൈന്‍ പറയുന്നു. പഠിക്കാന്‍ ഇഷ്ടമാണെന്നും, പഠിച്ചിട്ടേ കാര്യമുള്ളൂ എന്നും ഉസൈന്‍ എംഎല്‍എയോട് പറഞ്ഞു.

വിദ്യാഭ്യാസ ചെലവുകള്‍ എല്ലാം ഏറ്റെടുക്കാമെന്ന് നജീബ് കാന്തപുരം ഉസൈന് വാക്കുനല്‍കിയിട്ടുണ്ട്. ഭക്ഷണം, താമസം എന്നിവയെല്ലാം ആലോചനയിലാണെന്നും അദ്ദേഹം പറയുന്നു. മദ്രസയിൽ പഠിക്കണമെന്നുമുള്ള ആഗ്രഹവും ഉസൈന്‍ പറഞ്ഞിട്ടുണ്ട്. ഉസൈന് തന്‍റെ മൊബൈല്‍ നമ്പറും നല്‍കിയാണ് നജീബ് കാന്തപുരം യാത്ര പറഞ്ഞത്. നജീബ് കാന്തപുരം പങ്കിട്ട വിഡിയോക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍.

ENGLISH SUMMARY:

Najeeb Kanthapuram, MLA, personally met Usain (7th grader from Assam) who went viral for selling tea at night in Perinthalmanna to fund his ailing mother's treatment after his father's death. The MLA promised to cover all of Usaid's educational expenses and is considering arranging his food and accommodation, praising the boy's determination to study.