കടം തീർക്കാൻ രണ്ടര മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ പിതാവിന്‍റെ ശ്രമം. കുഞ്ഞിനെ കൈമാറാനുള്ള ശ്രമം അമ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിഫലമായി. കോട്ടയം തിരുവാര്‍പ്പിനടുത്ത് കുമ്മനത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ പിതാവ് അസം സ്വദേശി കുദ്ദൂസലി (25), കുഞ്ഞിനെ വാങ്ങാനെത്തിയ യുപി സ്വദേശി അർമാൻ (31),​ ബ്രോക്കറായ ബാർബർ ഷോപ്പ് ജീവനക്കാരന്‍ മോഹ്‌ദ് ദാനിഷ് (32) എന്നിവരെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവാർപ്പ് കുമ്മനത്താണ് നാല് വർഷമായി കുദ്ദൂസ് അലി ജോലി ചെയ്യുന്നത്. എന്നാല്‍ ഒന്നരമാസം മുൻപ് മാത്രമാണ് അയാളുടെ ഭാര്യയും, അഞ്ച് വയസുകാരിയായ മകളും, ആൺകുഞ്ഞും താമസത്തിനായി ഇവിടേക്കെത്തിയത്. 12 അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഒരു മുറിയിലാണ് ഈ കുടുബം കഴിഞ്ഞുകൂടിയത്. ജോലിക്ക് പോകാൻ മടിയായ കൂദ്ദൂസ് പലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാനാവാത്തതോടെ പണം കൊടുത്തവര്‍ പ്രശ്നം തുടങ്ങി.

അങ്ങനെയാണ് 50000 രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം ആരംഭിച്ചത്. ഈരാറ്റുപേട്ടയിലെ മോഹ്‌ദ് ദാനിഷ് വഴിയാണ് അർമാനെ പരിചയപ്പെട്ടത്. 50000 രൂപക്ക് കുഞ്ഞിനെ വാങ്ങാൻ അർമാ സന്നദ്ധത അറിയിച്ചതോടെ 1000 രൂപ അഡ്വാൻസായി ആവശ്യപ്പെട്ടു. അത് അര്‍മാന്‍ നല്‍കുകയും ചെയ്തു. മോഹ്‌ദ് ദാനിഷും അർമാനും കുമ്മനത്തെ വീട്ടില്‍ കുഞ്ഞിനെ വാങ്ങാനെത്തിയതോടെ അമ്മ ബഹളം വെക്കുകയായിരുന്നു. അങ്ങനെ അവര്‍ വെറും കൈയ്യോടെ മടങ്ങി. പിറ്റേന്ന് രാവിലെ വന്നാല്‍ കുഞ്ഞിനെ തരാമെന്ന് പിതാവ് അവരോട് പറയുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു.

ഉടൻ അവര്‍ ഇതരസംസ്ഥാന തൊഴിലാളികളായ ഷെയ്ക്ക് ഹമീദ്, അർഷാദ് ഹക്ക് എന്നിവരോട് കാര്യം വിശദീകരിച്ചു. ഇവര്‍ കോൺട്രാക്ടർ വഴിയാണ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെ ഇക്കര്യം ധരിപ്പിച്ചത്. തുടർന്നാണ് കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ ഒ.ആർ ബസന്ത് എന്നിവര്‍ സ്ഥലത്തെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

Baby selling is a heinous crime that needs to be prevented. This incident involved a father attempting to sell his infant to repay debts, but his plan was foiled by his wife, leading to arrests by Kumarakom police.