എഴുത്തുകാരൻ ബിനീഷ് പുതുപ്പണത്തിന്റെ പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ. സുന്ദര ജീവിതം, പ്രേമ നഗരം എന്നീ പുസ്തകങ്ങളാണ് വിവിധ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മാസത്തിലാണ് ‘സുന്ദര ജീവിതം’ എന്ന പുസ്തകം വിപണിയിൽ ഇറങ്ങിയത്. 6 മാസത്തിനുള്ളിൽ അതിന്റെയും വ്യാജ പതിപ്പ് ഓൺലൈൻ സൈറ്റുകളിൽ ലഭ്യമായി.
2022ൽ ഡിസി ബുക്സ് പുറത്തിറക്കിയ ‘പ്രേമ നഗരം’ എന്ന പുസ്തകം ഇതിനോടകം 90,000 കോപ്പികൾ വിറ്റഴിഞ്ഞിരുന്നു. അതിന്റെയും വ്യാജ പതിപ്പ് സൈറ്റിൽ ലഭ്യമാണ്. 110 രൂപയ്ക്ക് 'സുന്ദര നഗരം' പുസ്തകം ലഭിക്കുന്നു എന്നറിഞ്ഞ് അന്വേഷിച്ചപ്പോഴാണ് വ്യാജ പതിപ്പാണെന്ന് തിരിച്ചറിഞ്ഞതെന്ന് പുസ്തകത്തിന്റെ എഴുത്തുകാരൻ ബിനീഷ് പുതുപ്പണം മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പിന്നാലെയാണ് പ്രേമനഗരത്തിന്റെയും വ്യാജപ്പതിപ്പ് വിപണിയിൽ ലഭ്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
199 രൂപയുടെ പ്രേമനഗരം 45 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ പ്രസാധകരായ ഡിസി ബുക്സിന്റെ ശ്രദ്ധയിൽ ഇക്കാര്യംപെടുത്തിയിട്ടുണ്ടെന്നും തുടർനടപടികളലേക്ക് കടക്കുമെന്നും ബിനീഷ് പുതുപ്പണം പ്രതികരിച്ചു. പുറത്തിറങ്ങിയ വ്യാജപതിപ്പിൽ എഴുത്തുകാരന്റെ പേരോ വിവരങ്ങളോ ഇല്ല. പുസ്തകത്തിന്റെ കവർ പേജിലും വ്യത്യാസമുള്ളതായി ബിനീഷ് പുതുപ്പണം പ്രതികരിച്ചു. പേപ്പർ ക്വാളിറ്റിയിലും പ്രൊഡക്ഷനിലും ഉൾപ്പെടെ മാറ്റം വരുത്തി കൊണ്ടാണ് ഈ അടിമുടി വ്യാജൻ പുസ്തകങ്ങൾ ഓണ്‍ലൈന്‍ സൈറ്റുകളിൽ ഇറങ്ങിയിരിക്കുന്നത്.
പ്രസാധകർക്കും എഴുത്തുകാർക്കും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം വായനക്കാരുടെ വിശ്വാസതയെ പോലും ഇത്തരം വ്യാജ പതിപ്പുകൾ നശിപ്പിക്കും എന്നും ബിനീഷ് പുതുപ്പണം മനോരമ ന്യൂസിനോട് പറഞ്ഞു. വ്യാജ പതിപ്പിനെതിരെ എഴുത്തുകാരൻ ബിനീഷ് പുതുപ്പണവും ഡിസി ബുക്സും നിയമനടപടിയുമായി മുന്നോട്ട് നീങ്ങുകയാണ്.