സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്‍കി ശ്രദ്ധ നേടുകയാണ് സിനിമാതാരം മീനാക്ഷി. അടുത്തിടെ ഇത്തരത്തില്‍ യത്തീസ്റ്റ് ആണോ എന്ന ചോദ്യത്തിന് ഉത്തരവുമായി മീനാക്ഷി രംഗത്തെത്തിയിരുന്നു. യത്തീസ്റ്റ് ആണോ എന്നതാണ് ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നതാണ് ഉത്തരമെന്ന് മീനാക്ഷി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒപ്പം വിവാദ വിഷയങ്ങളായ ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ചും പള്ളുരുത്തി സെന്‍റ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തെ കുറിച്ചും മീനാക്ഷിയുടെ പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. 

‘ദൈവത്തോട് കൂടുതൽ അടുത്ത് നില്‍‍ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ നമ്മളെന്ത് കരുതണം.അല്ലെങ്കിൽ ദൈവത്തിന്‍റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ എന്ത് ചെയ്യണം’ എന്നായിരുന്നു വിഷയങ്ങളില്‍ മീനാക്ഷിയുടെ പ്രതികരണം. ഇപ്പോളിതാ ആ പ്രതികരണത്തെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് മന്ത്രി ആര്‍.ബിന്ദു. മീനാക്ഷി പങ്കുവെച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പോസ്റ്റ്. ‘സാമൂഹിക സൗഹൃദത്തെ സംബന്ധിച്ച് ആശയവ്യക്തതയുള്ള, മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന യുവ സർഗ്ഗ പ്രതിഭകൾ കേരളത്തിന്റെ അഭിമാനം... അഭിനന്ദനങ്ങൾ മീനാക്ഷിക്കുട്ടീ’, എന്നാണ് മന്ത്രി ആര്‍.ബിന്ദു തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.

'ഈ വലിയ തിരക്കുകൾക്കിടയിലും എന്‍റെ ഈ ചെറിയ പോസ്റ്റ് ശ്രദ്ധിച്ചതിനും പോസിറ്റീവായി കുറച്ച് വാചകങ്ങൾ എഴുതിയതിലും ഹൃദയപൂർവ്വം നന്ദി മാഡം... കിട്ടിയതിൽ ഏറ്റവും വലിയ അംഗീകാരമായി ഞാനിത് കണക്കാക്കുന്നു... തിരിച്ചറിവ് ലഭിക്കുന്നതിനെക്കാൾ സമൂഹത്തിൽ അത് അംഗീകരിക്കപ്പെടുന്നു എന്നറിയുമ്പോൾ തന്നെയാണ് യഥാർത്ഥ സന്തോഷം. അനുഭവിക്കുവാൻ കഴിയുന്നത്... ഭാവിതലമുറക്ക് അവരുടെ സ്വതന്ത്രചിന്തകൾക്ക് ചിറകുകൾ വെയ്ക്കുവാൻ സഹായിക്കുന്നതിനും... അഭിപ്രായ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്നതിനും... രാഷ്ട്രീയ ഭരണ തിരക്കുകൾക്കിടയിലും പുതിയ തലമുറയേക്കൂടി കരുതുന്നുവെന്നതിലും... ഒത്തിരി സന്തോഷം’ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ മീനാക്ഷി കുറിച്ചത്.