കോഴിക്കോട് കടപ്പുറത്തിന് മൊഞ്ചും സ്വാദും സമ്മാനിച്ച ആ പഴയ ഉന്തുവണ്ടികള്‍ ഉപ്പിലിട്ട ഓര്‍മകളാവുകയാണ്. ഓര്‍ത്തെടുക്കുമ്പോഴെല്ലാം രുചി കൂടുന്ന നല്ല അനുഭവങ്ങള്‍ വീണ്ടും സമ്മാനിക്കാന്‍ ഇനി ഫുഡ് സ്ട്രീറ്റുണ്ടാകും. വൈകിട്ട് എട്ട് മണിക്ക് മന്ത്രി എം ബി രാജേഷാണ് ഫു‍ഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുന്നത്.

കടലോളം രുചി സമ്മാനിക്കുന്ന തട്ടുകടകള്‍. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഓരോന്നും ഓരോ രുചികള്‍. ഫുഡ് സ്ട്രീറ്റ് തുറക്കുന്നതിന് മുന്നോടിയായി എല്ലാം അടച്ചു പൂട്ടിയപ്പോള്‍ ആകെയൊരു ശൂന്യത. 

​ഇനിമുതല്‍ പലരൂപത്തിലുള്ള ഉന്തുവണ്ടികളിലില്ല. ഒരേപോലുള്ള 90 ഉന്തുവണ്ടികള്‍. രുചിയാകട്ടെ വ്യത്യസ്തവും. പ്രത്യേകമായി ഒരുക്കിയ 240 മീറ്റര്‍ നീളത്തിലാണ് ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നത്. ഉന്തുവണ്ടികള്‍ രൂപം മാറ്റാന്‍ പാടില്ല, ലൈസന്‍സികള്‍ ഉന്തുവണ്ടി, ലൈസന്‍സ് എന്നിവ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ മേല്‍വാടകയ്ക്ക് നല്‍കാനോ അനുവദിക്കില്ല. ലഹരി വസ്തുക്കള്‍ വില്‍ക്കരുത്. ഉപയോഗിച്ച എണ്ണ ദിവസേന മാറ്റണം. പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മാനേജ്മെന്‍റ് കമ്മിറ്റിയും രൂപീകരിക്കും. കടപ്പുറത്തെ പഴയ ഉന്തുവണ്ടികള്‍ ഓര്‍മകളിലെന്നും മായാത്ത ചിത്രമായി നിലനില്‍ക്കും. അതും പഴങ്കഥയായി.

ENGLISH SUMMARY:

Kozhikode Beach Food Street is set to open, offering a wide array of culinary delights. The new food street aims to revitalize the beach area, providing a cleaner and more organized dining experience while preserving the flavors of local cuisine