പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിനെതിരെ നാലാം ക്ലാസുകാരി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊല്ലം സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ആയിഷ ആനടിയിലാണ് തന്‍റെ പ്രസംഗം കൊണ്ട് വേദിയെ കയ്യിലെടുത്തത്. ഇരിങ്ങാലക്കുടയില്‍ നടന്ന പോറത്തിശേരി കാര്‍ണിവലിനിടെയായായിരുന്നു ആയിഷ സംസാരിച്ചത്. മന്ത്രി ആര്‍ ബിന്ദുവും വേദിയിലുണ്ടായിരുന്നു.
പരിപാടിക്കിടെ ആയിഷ തട്ടമിട്ട ഒരു കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്. വേദിയിലെത്തിയ കുട്ടിയോട് തട്ടം ഊരി തന്‍റെ തലയിലേക്ക് ഇടാനും ആവശ്യപ്പെടുന്നുണ്ട്. താന്‍ ഈ തട്ടമിട്ടതുകണ്ട് പേടി തോന്നുന്നുണ്ടോയെന്നാണ് സദസിനോട് ആയിഷ ചോദിക്കുന്നത്. പേടിയുണ്ടെങ്കില്‍ അത് കാഴ്ചയുടെയല്ല കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നും കുട്ടി പറയുന്നു. തട്ടം ഇട്ടതിന്‌റെ പേരില്‍ പേരില്‍ പഠനം നിഷേധിക്കപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി താന്‍ ഇതെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ പ്രസംഗിക്കുന്നേ.
അവര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതത്തെക്കൂടി ഒന്ന് ബഹുമാനിക്കുക, അത്രമതി, ലോകം നന്നായിക്കോളും', ആയിഷ പറഞ്ഞു നിർത്തി.
വേദിയില്‍ വച്ച് തന്നെ മന്ത്രി കുട്ടിയെ അഭിനന്ദിച്ചു. നമുക്കെല്ലാം പ്രചോദനം നല്‍കുന്ന വാക്കുകളാണ് ആയിഷ കുട്ടിയുടേതെന്ന് മന്ത്രി പറഞ്ഞു. ആയിഷയുടെ വീഡിയോ ആര്‍.ബിന്ദു ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. 'ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാര്‍ണിവലില്‍ വേദിയെ ഇളക്കിമറിച്ച് നാലാം ക്ലാസുകാരി ആയിഷ ആനടിയില്‍ നടത്തിയ പ്രസംഗം. മാനവികതയുടെ പ്രകാശം പരത്തുന്ന ഈ മിടുക്കികുട്ടിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാം….. അഭിനന്ദനങ്ങള്‍ ആയിഷ…', എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.